
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത വാർത്താസമ്മേളനത്തിൽ ഇന്ന് നാടകീയ രംഗങ്ങൾ അരങ്ങേറി. വാർത്താസമ്മേളനം പാതിവഴിയിൽ നിർത്തി എഴുന്നേറ്റുപോയ മുഖ്യമന്ത്രി, മാധ്യമപ്രവർത്തകരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് പിന്നീട് തിരികെ വന്ന് ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു.

കൊല്ലത്ത് എൽ.ഡി.എഫ് കൺവെൻഷനോട് അനുബന്ധിച്ച് സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ, കൈരളി ടിവിയുടെ രണ്ട് ചോദ്യങ്ങൾക്കും ദേശാഭിമാനിയുടെ ഒരു ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നൽകി. തുടർന്ന് “ഇന്നത്തെ സമയം കഴിഞ്ഞു, ബാക്കി നാളെ” എന്ന് പറഞ്ഞ് അദ്ദേഹം പെട്ടെന്ന് എഴുന്നേറ്റ് പുറത്തേക്ക് നടന്നു.
കൂടുതൽ ചോദ്യങ്ങൾ ഉന്നയിക്കാൻ തയ്യാറായിരുന്ന മാധ്യമപ്രവർത്തകർ അതിനെതിരെ ശക്തമായി പ്രതികരിച്ചു. മറുപടി നൽകാൻ തയാറല്ലെങ്കിൽ വാർത്താസമ്മേളനത്തിന് ക്ഷണിച്ചതിന്റെ ഉദ്ദേശം എന്താണെന്ന് അവർ ചോദിച്ചു. പ്രതിഷേധം ശക്തമായതോടെ വേദിയിൽ നിന്നിറങ്ങിയ മുഖ്യമന്ത്രി പിന്നീട് തിരികെ എത്തുകയായിരുന്നു.
തിരികെയെത്തിയ ശേഷം, “ചോദ്യം മനസ്സിലുണ്ടായാൽ പോരാ, അത് ചോദിക്കണം” എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തുടർന്ന് ബാക്കിയുണ്ടായിരുന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
മുൻപ് വാർത്താസമ്മേളനങ്ങളിൽ മൈക്ക് തകരാറിലാകുന്നത് പോലുള്ള സാഹചര്യങ്ങളിൽ മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചിട്ടുണ്ടെങ്കിലും, പാതിവഴിയിൽ എഴുന്നേറ്റുപോയ ശേഷം പ്രതിഷേധത്തെത്തുടർന്ന് തിരികെ വന്ന് ചോദ്യങ്ങൾക്ക് മറുപടി നൽകിയത് അപൂർവ്വമായ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്.