
കൊച്ചി: ധനകാര്യ വിദഗ്‌ദ്ധനും സെന്റർ ഫോർ സോഷ്യോ എക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസിന്റെ സ്ഥാപക സെക്രട്ടറി, സീനിയർ ഫെല്ലോയുമായ പനിച്ചയം കോളശ്ശേരി വീട്ടിൽ കെ.കെ. കൃഷ്ണകുമാർ (56) നിര്യാതനായി.

ഭാര്യ ജീജ മലയാറ്റൂർ മാണിയാലിൽ കുടുംബാംഗവും എടത്തല ഗവ. ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപികയുമാണ്. മക്കൾ മീനാക്ഷി (സെൻട്രൽ യൂണിവേഴ്സിറ്റി, കാസർകോട് വിദ്യാർത്ഥിനി), കമൽ കൃഷ്ണ (ആദിശങ്കര എഞ്ചിനിയറിംഗ് കോളേജ്, കാലടി വിദ്യാർത്ഥി). സംസ്കാരം ഇന്ന് വൈകിട്ട് 5.30ന് വീട്ടുവളപ്പിൽ നടക്കും.
പൊതു ധനകാര്യം, അധികാര വികേന്ദ്രീകരണം, ഭരണനിർവ്വഹണം തുടങ്ങിയ മേഖലകളിൽ മൂന്നു പതിറ്റാണ്ടിലേറെയായി സജീവമായിരുന്ന കൃഷ്ണകുമാർ നിരവധി ഗവേഷണ പദ്ധതികൾക്ക് നേതൃത്വം നൽകിയിരുന്നു. കൊച്ചി സർവകലാശാല സിണ്ടിക്കേറ്റ് അംഗമായും കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിന്റെ റിസോഴ്‌സസ് ആൻഡ് പ്ലാൻ ഇംപ്ലിമെന്റേഷൻ വിദഗ്ധ സമിതിയിലെ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേരളത്തിലും ലക്ഷദ്വീപിലും നടത്തിയ DLHS-RCH സർവേകൾ, ഗ്ലോബൽ അഡൾട്ട് ടൊബാക്കോ സർവേ, ഇന്ത്യ ഹ്യൂമൻ ഡെവലപ്മെന്റ് സർവേ, കവറത്തി ദ്വീപിലെ കാലാവസ്ഥാ വ്യതിയാന അനുയോജ്യ പദ്ധതിയുമായി ബന്ധപ്പെട്ട പഠനം, കേരള ലോക്കൽ ഗവൺമെന്റ് സർവീസ് ഡെലിവറി പ്രോജക്റ്റ് തുടങ്ങി നിരവധി സർവേകൾക്ക് അദ്ദേഹം നേതൃത്വം നൽകി.
സമഗ്ര ശിക്ഷ പദ്ധതിയിലെ ഫണ്ട് വിനിയോഗവും വിതരണം സംബന്ധിച്ച പഠനങ്ങൾ ഉൾപ്പെടെ, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ കുട്ടികൾക്കായുള്ള പദ്ധതികളുടെ ഫണ്ടുപയോഗത്തെക്കുറിച്ചുള്ള പഠനങ്ങളിലും നിർണായക പങ്ക് വഹിച്ചു. അന്തരിച്ച ധനകാര്യ വിദഗ്‌ദ്ധൻ ഡോ. കെ.കെ. ജോർജിനൊപ്പം ചേർന്ന് നിരവധി ഗവേഷണ പ്രബന്ധങ്ങളും ലേഖനങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.