
കൊച്ചി: കൊച്ചി മെട്രോയുടെ കടവന്ത്ര–പനമ്പള്ളി നഗർ സർക്കുലർ ഇലക്ട്രിക് ഫീഡർ ബസ് സർവീസ് കസ്തൂർബാ നഗർ–കല്ലുപാലം വരെ നീട്ടി. ഇതോടെ നാല് ഹൗസിംഗ് കോളനികളിലെ താമസക്കാർക്കും മെട്രോ ഫീഡർ ബസ് സേവനത്തിന്റെ പ്രയോജനം ലഭ്യമാകും.

കസ്തൂർബാ നഗരിൽ നടന്ന ചടങ്ങിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ ദീർഘിപ്പിച്ച സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. ഡയറക്ടർ (സിസ്റ്റംസ്) സഞ്ജയ് കുമാർ, ജനറൽ മാനേജർ (എച്ച്‌ആർ) മിനി ഛബ്ര, അഡീഷണൽ ജനറൽ മാനേജർ (അർബൻ ട്രാൻസ്‌പോർട്ട്) ഗോകുൽ ടി.ആർ., ഡെപ്യൂട്ടി ജനറൽ മാനേജർ സജിത് വി.ജി., കൊച്ചി കോർപ്പറേഷൻ കൗൺസിലർ ജിസൺ ജോർജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിവിധ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ കെ.എം. ചെറിയാൻ, രംഗനാഥ പ്രഭു, വി.എസ്. മോഹൻദാസ്, സി.ജെ. വർഗീസ്, ടൈറ്റസ് ജോളി, പ്രേം ആർ.വി., ചന്ദ്രകാന്ത് എന്നിവർ സംസാരിച്ചു. നഗരത്തിലെ പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് ഫീഡർ ബസ് സർവീസ് ദീർഘിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു.