You are currently viewing കായംകുളം പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ: നിർമ്മാണോദ്ഘാടനം ഇന്ന്

കായംകുളം പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ: നിർമ്മാണോദ്ഘാടനം ഇന്ന്

കായംകുളം: കായംകുളം നഗരത്തിന്റെ ഗതാഗത സൗകര്യങ്ങൾ നവീകരിക്കുന്നതിന്റെ ഭാഗമായി പുതിയ കെഎസ്ആർടിസി ബസ് ടെർമിനലിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് നടക്കും. അഡ്വ. യു. പ്രതിഭ എം.എൽ.എയുടെ അഭ്യർത്ഥന പ്രകാരം 2023–24 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി പത്ത് കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് നിർമ്മാണ ചുമതല. ആറര ദശാബ്ദത്തിലേറെ പഴക്കമുള്ള കേരളത്തിലെ ആദ്യ ബസ് ഡിപ്പോകളിൽ ഒന്നായ കായംകുളം കെഎസ്ആർടിസി ബസ് സ്റ്റേഷന്റെ പഴയ കെട്ടിടത്തിനു പകരമായി, ആധുനിക സൗകര്യങ്ങളോടെ 19,500 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് പുതിയ ബസ് ടെർമിനൽ നിർമ്മിക്കുന്നത്.

വിശാലമായ ശീതീകരിച്ച കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഭിന്നശേഷി സൗഹൃദ സംവിധാനങ്ങൾ, ജീവനക്കാർക്കായി പ്രത്യേക ഓഫീസ് സൗകര്യങ്ങൾ, വിശ്രമമുറികൾ, സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, മെഡിക്കൽ റൂം, കൊറിയർ & ലോജിസ്റ്റിക് റൂം, വ്യാപാര കേന്ദ്രങ്ങൾ, ലിഫ്റ്റ് സൗകര്യം, യാത്രക്കാർക്കായി ശീതീകരിച്ച ഡോർമെറ്ററികൾ, ക്ലോക്ക് റൂം, ശൗചാലയങ്ങൾ എന്നിവ ഉൾപ്പെടുന്ന ശുചിത്വവും പരിസ്ഥിതി സൗഹൃദവുമായ ടെർമിനലാണ് പദ്ധതിയിലൂടെ യാഥാർത്ഥ്യമാകുന്നത്.

പുതിയ ബസ് ടെർമിനലിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് (2026 ഫെബ്രുവരി 11) ബുധനാഴ്ച വൈകിട്ട് 3.30ന് ബഹു. എം.എൽ.എ. അഡ്വ. യു. പ്രതിഭയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ശ്രീ. കെ.ബി. ഗണേഷ്‌കുമാർ നിർവഹിക്കും.

Leave a Reply