
പത്തനംതിട്ട:സിപിഎം ഇപ്പോൾ ‘മൂടുതാങ്ങികളുടെ’ (അധികാരികളെ സുഖിപ്പിക്കുന്നവരുടെ) പാർട്ടിയായി മാറിയെന്ന് മുൻ എംഎൽഎ കെ.സി. രാജഗോപാൽ നടത്തിയ പ്രസ്താവന പാർട്ടിക്കുള്ളിൽ വലിയ വിവാദത്തിന് ഇടയാക്കി. കഴിഞ്ഞ ദിവസങ്ങളിലെ പ്രാദേശിക തിരഞ്ഞെടുപ്പ് ഫലങ്ങളെ തുടർന്നാണ് അദ്ദേഹം കടുത്ത വിമർശനം ഉന്നയിച്ചത്. പത്തനംതിട്ട ജില്ലയിലെ മെഴുവേലി പഞ്ചായത്ത് എട്ടാം വാർഡിൽ നേടിയ വിജയത്തിന് പിന്നാലെയായിരുന്നു പാർട്ടി നേതൃത്വത്തിനെതിരായ തുറന്ന ആക്രമണം.

തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിക്കാർ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന് കെ.സി. രാജഗോപാൽ ആരോപിച്ചു. കോൺഗ്രസ് അംഗങ്ങളുടെ സഹായം കൊണ്ടാണ് 28 വോട്ടിന്റെ ഭൂരിപക്ഷത്തിൽ താൻ വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കുള്ളിലെ കാലുവാരലാണ് ഇത്തരം അവസ്ഥയ്ക്ക് കാരണമെന്നും രാജഗോപാൽ വ്യക്തമാക്കി.
കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി.വി. സ്റ്റാലിനാണ് തനിക്കെതിരെ കാലുവാരൽ നീക്കങ്ങൾക്ക് നേതൃത്വം നൽകിയതെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു. സ്റ്റാലിൻ വിവരം കെട്ടവനും പത്രം വായിക്കാത്തവനുമാണെന്നുമുള്ള പരാമർശവും രാജഗോപാൽ നടത്തി. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ സജീവമായിരുന്ന കാലത്ത് ഇത്തരം ‘മൂടുതാങ്ങികൾ’ പാർട്ടിയിൽ വളരാൻ ഇടയില്ലായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേതൃത്വത്തിന്റെ പിടിപ്പുകേട് കാരണം കോഴഞ്ചേരി ഏരിയ കമ്മിറ്റിക്ക് കീഴിലെ പല പഞ്ചായത്തുകളും പാർട്ടിക്ക് നഷ്ടമായതായും ഇത് വിഭാഗീയതയുടെ ഫലമാണെന്നുമാണ് രാജഗോപാലിന്റെ ആരോപണം.
ഇതിന് മറുപടിയായി ഏരിയ സെക്രട്ടറി ടി.വി. സ്റ്റാലിൻ, രാജഗോപാലിന്റെ പരാമർശങ്ങൾ വസ്തുതാവിരുദ്ധമാണെന്നും, പരാതികൾ പാർട്ടിയുടെ അകത്ത് തന്നെ ഉന്നയിക്കേണ്ടതാണെന്നും പറഞ്ഞു. പൊതുവേദിയിൽ പാർട്ടിയെ അപകീർത്തിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, മുൻ ജില്ലാ കമ്മിറ്റി അംഗം കെ. പ്രകാശ് ബാബു രാജഗോപാലിനെതിരെ ഫേസ്ബുക്കിലൂടെ വിമർശനവുമായി രംഗത്തെത്തി. “മലർന്നു കിടന്നു തുപ്പരുത്” എന്ന ഉപദേശത്തോടെയാണ് അദ്ദേഹം പ്രതികരിച്ചത്.
കെ.സി. രാജഗോപാലിന്റെ പരസ്യ വിമർശനങ്ങൾ സിപിഎമ്മിൽ വലിയ പൊട്ടിത്തെറിയ്ക്ക് കാരണമായിരിക്കുകയാണ്. വിഷയത്തിൽ പാർട്ടി നേതൃത്വത്തിന്റെ നിലപാട് എന്താകുമെന്നതിലേക്കാണ് രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ.