
അന്നദാന പദ്ധതിയുടെ ഭാഗമായി ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് കേരളീയ സദ്യ വിളമ്പി തുടങ്ങി. പരിപ്പ്, സാമ്പാര്‍, രസം, അവിയല്‍, തോരന്‍, അച്ചാര്‍, പപ്പടം, പായസം എന്നിവ ഉള്‍പ്പെട്ട സദ്യയാണ് ഒരുക്കിയിരിക്കുന്നത്. അവിയലും തോരനും ദിവസേന മാറ്റം വരുത്തും. മോര്‍, രസം അല്ലെങ്കില്‍ പുളിശേരി എന്നിവയില്‍ ഏതെങ്കിലും ഒന്ന് ദിവസേന ഉണ്ടാകും. പായസവും ഓരോ ദിവസവും വ്യത്യസ്തമായിരിക്കും.

ഇനിയുള്ള ദിവസങ്ങളില്‍ ഒന്നിടവിട്ട് ദിവസങ്ങളില്‍ കേരള സദ്യ വിളമ്പും. ഉച്ചയ്ക്ക് 12ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒ.ജി. ബിജു നിലവിളക്ക് കൊളുത്തി സദ്യ അയ്യപ്പനു സമര്‍പ്പിച്ചു. തുടര്‍ന്ന് അന്നദാനത്തിനായി കാത്തുനിന്ന ഭക്തര്‍ക്ക് സദ്യ വിളമ്പി. സദ്യ വിളമ്പുന്നതിനായി സ്റ്റീല്‍ പ്ലേറ്റുകളും സ്റ്റീല്‍ ഗ്ലാസുകളും ഉപയോഗിക്കുന്നു.
സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിലെ താമസം മൂലമാണ് സദ്യ ആരംഭിക്കാന്‍ വൈകിയതെന്നും, അന്നദാനപ്രഭുവായ അയ്യപ്പന്റെ അനുഗ്രഹത്തോടെ തുടര്‍ന്നുള്ള ദിവസങ്ങളിലും അന്നദാനം സുതാര്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ഒന്നിടവിട്ട ദിവസങ്ങളില്‍ സദ്യയും പുലാവും മാറിമാറി ഭക്തര്‍ക്ക് വിളമ്പും. സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ പി. ബാലകൃഷ്ണന്‍ നായരും അന്നദാന മണ്ഡപം സന്ദര്‍ശിച്ചു.