തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ സിനിമാ ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുന്നതായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ വെള്ളായണി കായലിന് സമീപമുള്ള കിരീടം പാലം ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതി പൂർത്തീകരണ ഘട്ടത്തിലെത്തിയിരിക്കുകയാണ്.
സിബി മലയിൽ സംവിധാനം ചെയ്ത്, മോഹൻലാൽ നായകനായും ലോഹിതദാസ് രചനയും നിർവഹിച്ച ‘കിരീടം’ സിനിമയുടെ പ്രധാന രംഗങ്ങൾ ചിത്രീകരിച്ച പ്രദേശത്തെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് ആദ്യമായി സിനിമാ ടൂറിസം പദ്ധതി ആരംഭിക്കുന്നത്.പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം പ്രദേശത്ത് വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഇതിനകം തന്നെ കിരീടം പാലവും ചുറ്റുപാടുകളും ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ്.
പദ്ധതിയുടെ സമാപന പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും ഉടൻ തന്നെ പദ്ധതി നാടിന് സമർപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.കൂടാതെ, സംസ്ഥാനത്തിലെ മറ്റു പ്രമുഖ സിനിമാ ലൊക്കേഷനുകളെയും സിനിമാ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഷകളിലുള്ള സിനിമകളുടെ ഷൂട്ടിംഗിനായി കേരളത്തെ കൂടുതൽ ആകർഷകമാക്കുകയും പ്രത്യേക മാർക്കറ്റിംഗ് ക്യാമ്പെയ്‌നുകൾ മുഖേന സംസ്ഥാനത്തെ അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.