
കോട്ടയം: ജില്ലയിലെ മുഴുവൻ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും ജനുവരി 15നകം കൈറ്റിന്റെ (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ) ആഭിമുഖ്യത്തിൽ റോബോട്ടിക്സ് പരിശീലനം നൽകും. പത്താം ക്ലാസിലെ പുതുക്കിയ ഐടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷയ്ക്ക് മികച്ച രീതിയിൽ തയ്യാറെടുക്കാനും കുട്ടികൾക്ക് അധിക പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബുകളുടെ നേതൃത്വത്തിൽ പരിശീലനം സംഘടിപ്പിക്കുന്നത്.

രണ്ട് സെഷനുകളിലായാണ് പരിശീലനം നടത്തുന്നത്. ആദ്യ സെഷനിൽ റോബോട്ടിക്സിന്റെ പ്രാധാന്യം, വിവിധ മേഖലകളിലെ ഉപയോഗം, റോബോട്ടിക് സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ഇൻപുട്ട് (സെൻസറുകൾ), പ്രോസസർ (മൈക്രോ കൺട്രോളറുകൾ), ഔട്ട്പുട്ട് (ആക്ചുവേറ്ററുകൾ) എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകും. തുടർന്ന് കൈറ്റ് സ്കൂളുകൾക്കായി നൽകിയ റോബോട്ടിക് കിറ്റിലെ പ്രധാന ഘടകങ്ങളായ ആർഡ്വിനോ ബോർഡ്, ബ്രെഡ്ബോർഡ്, എൽഇഡി തുടങ്ങിയവ പരിചയപ്പെടുത്തും.
രണ്ടാം ഘട്ടം പൂർണ്ണമായും പ്രായോഗിക പരിശീലനത്തിനായിരിക്കും.
പിക്റ്റോബ്ലോക്സ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ബ്ലോക്ക് കോഡിംഗിലൂടെ എൽഇഡി ബ്ലിങ്ക് ചെയ്യിക്കൽ, ബസ്സർ പ്രവർത്തിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾ നേരിട്ട് ചെയ്ത് പഠിക്കും.
പരിശീലനത്തിന്റെ അവസാന ഘട്ടത്തിൽ ഐആർ സെൻസറുകളും സെർവോ മോട്ടോറും ഉപയോഗിച്ച് ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ എന്ന റോബോട്ടിക് ഉപകരണം വിദ്യാർത്ഥികൾ സ്വയം നിർമ്മിക്കും.
ഓരോ സ്കൂളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും മെന്റർമാരുടെയും നേതൃത്വത്തിലാണ് പരിശീലനം നടക്കുക. നാലോ അഞ്ചോ കുട്ടികൾ അടങ്ങുന്ന ഗ്രൂപ്പുകൾക്ക് ഒരു റോബോട്ടിക് കിറ്റ് എന്ന അനുപാതത്തിലാണ് പരിശീലനം വിഭാവനം ചെയ്തിരിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ ഇല്ലാത്ത വിദ്യാലയങ്ങൾക്ക് സമീപത്തെ യൂണിറ്റുകളുടെ സഹായത്തോടെ ക്യാമ്പുകൾ സംഘടിപ്പിക്കാനും കൈറ്റ് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഭാവിയിലെ തൊഴിൽ സാധ്യതകളും സാങ്കേതികവിദ്യയുടെ വളർച്ചയും കണക്കിലെടുത്ത് പത്താം ക്ലാസിലെ എല്ലാ കുട്ടികളെയും ഹൈടെക് ലാബുകൾ വഴി ഈ നൂതന സാങ്കേതികവിദ്യയിൽ പ്രാവീണ്യമുള്ളവരാക്കുക എന്നതാണ് പദ്ധതിയിലൂടെ കൈറ്റ് ലക്ഷ്യമിടുന്നതെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.