You are currently viewing അപൂർവ്വ വിവാഹത്തിന് കൊച്ചി ലേക്ക് ഷോർ ആശുപത്രി സാക്ഷിയായി: ആശുപത്രി കിടക്കയിൽ വച്ച് വരൻ വധുവിന് താലികെട്ടി

അപൂർവ്വ വിവാഹത്തിന് കൊച്ചി ലേക്ക് ഷോർ ആശുപത്രി സാക്ഷിയായി: ആശുപത്രി കിടക്കയിൽ വച്ച് വരൻ വധുവിന് താലികെട്ടി

ആലപ്പുഴ: ആശുപത്രി കിടക്കയിൽ വധുവിന്റെ കഴുത്തിൽ താലി ചാർത്തിയ അപൂർവമായ വിവാഹത്തിന് കൊച്ചി ലേക്ക്‌ഷോർ ആശുപത്രി സാക്ഷിയായി. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു ഷാരോൺ–ആവണി ദമ്പതികളുടെ ഈ പ്രത്യേക വിവാഹചടങ്ങ്.

രാവിലെ തുമ്പോളിയിലെ വീട്ടിൽ വച്ച് വിവാഹം നടക്കാനിരിക്കെയാണ് ദുരന്തം സംഭവിച്ചത്. മേക്ക്‌അപ്പ് ചെയ്യാനായി കുമരകത്തേക്ക് പോകുന്നതിനിടെ ആവണിയുടെ കാർ അപകടത്തിൽപ്പെടുകയും യുവതിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഉടൻതന്നെ കൊച്ചി ലേക്ക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ച അവളുടെ നില പരിഗണിച്ച്, നിശ്ചയിച്ചിരുന്ന മുഹൂർത്തത്തിൽ തന്നെ വിവാഹം നടത്താൻ കുടുംബങ്ങൾ തീരുമാനിച്ചു.

തുടർന്ന് വരനായ ഷാരോൺ ആശുപത്രിയിലെത്തുകയും കിടപ്പിലായിരുന്ന ആവണിയുടെ കഴുത്തിൽ മിന്നുകെട്ടി താലി ചാർത്ത് വിവാഹചടങ്ങ് പൂർത്തിയാക്കുകയും ചെയ്തു. യുവതിയെ പരിചരിച്ചിരുന്ന ഡോക്ടർമാരും മെഡിക്കൽ സ്റ്റാഫും ചടങ്ങിന് സാക്ഷികളായി. ഇതിനിടെ, വിവാഹത്തിന് ക്ഷണിച്ച അതിഥികൾക്ക് തുമ്പോളിയിലെ വീട്ടിൽ നിശ്ചയിച്ച പ്രകാരം സദ്യയും ഒരുക്കിയിരുന്നു.

അപകടത്തിൽ ആവണിക്ക് നട്ടെല്ലിന് പരിക്കുകളും കാലിൽ പൊട്ടലുകളും സംഭവിച്ചിട്ടുണ്ടെന്നും നാളെ ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Leave a Reply