
കൊല്ലം ആശ്രാമത്ത് ഇ.എസ്.ഐ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനും എൻ.കെ. പ്രേമചന്ദ്രൻ എം.പിയും ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതവും വസ്തുതകൾ മറച്ചുവെച്ചുള്ളതുമാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇരുവരും ഒരേ സ്വരത്തിൽ പ്രസ്താവനകൾ നടത്തുന്നത് ബിജെപി–യുഡിഎഫ് അവിശുദ്ധ സഖ്യത്തിന്റെ തെളിവാണെന്നും മന്ത്രി ആരോപിച്ചു.

വസ്തുതകൾ വിശദീകരിക്കവെ, ഇ.എസ്.ഐ കോർപ്പറേഷന്റെ 196-ാമത് യോഗത്തിൽ 2025 ജൂണിൽ മെഡിക്കൽ കോളേജ് തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും, സംസ്ഥാന സർക്കാരിന് അപേക്ഷ സമർപ്പിച്ചത് 2026 ജനുവരി 7-നാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നാഷണൽ മെഡിക്കൽ കമ്മീഷനിലേക്കുള്ള അപേക്ഷയുടെ അവസാന തീയതി ജനുവരി 28 ആണെന്നറിയാമായിരുന്നിട്ടും അപേക്ഷ വൈകിയതായും അദ്ദേഹം പറഞ്ഞു.
അപേക്ഷ ലഭിച്ചതോടെ സർക്കാർ പരിശോധനയ്ക്ക് നിർദേശം നൽകിയെങ്കിലും, നിർദ്ദിഷ്ട സ്ഥലത്ത് ആവശ്യമായ ഫാക്കൽറ്റികളും അടിസ്ഥാന സൗകര്യങ്ങളും ഇല്ലെന്ന് കണ്ടെത്തിയതായി മന്ത്രി അറിയിച്ചു. മെഡിക്കൽ കോളേജിന് ആവശ്യമായ ഭൂമി, അക്കാദമിക് ബ്ലോക്ക്, ക്ലിനിക്കൽ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയ വിശദമായ പദ്ധതി സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും ഇ.എസ്.ഐ അധികൃതർ ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നാഷണൽ മെഡിക്കൽ കമ്മീഷന്റെ മാനദണ്ഡങ്ങൾ പാലിക്കാതെ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകാനാകില്ലെന്ന് വ്യക്തമാക്കി മന്ത്രി, അംഗീകാരം നഷ്ടപ്പെട്ടാൽ വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നും ഓർമ്മിപ്പിച്ചു. 2021-ലെ ഹൈക്കോടതി വിധിയും ഇതിന്റെ ഗൗരവം വ്യക്തമാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാർ പദ്ധതികളെ കേരളം തടയുന്നു എന്ന രാജീവ് ചന്ദ്രശേഖരന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും, ഒരേ കള്ളം ആവർത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു.