
കൊല്ലം നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുള്ള പ്രധാന പദ്ധതിയായ ആശ്രാമം ലിങ്ക് റോഡിന്റെ നാലാംഘട്ടം — ഓലയിൽ കടവിൽ നിന്നും കടവൂർ പള്ളി ജംഗ്ഷൻ വരെയുള്ള ഭാഗം — നിർമ്മാണത്തിനായി ടെൻഡർ ചെയ്തു.

550 മീറ്റർ ദൈർഘ്യമുള്ള ഈ ഭാഗം കടവൂർ പള്ളി ജംഗ്ഷനിൽ ദേശീയപാത 183-ലേക്ക് എത്തിച്ചേരും. തുടർന്നായി കുരീപ്പുഴ–പാണമുക്കം കടവ് വഴി ദേശീയപാത 66-ലേക്കും ബന്ധിപ്പിക്കുന്ന പദ്ധതിയിലൂടെ ദേശീയപാതകൾ 66, 183, 744 എന്നിവയെ ബന്ധിപ്പിക്കുന്ന ഒരു ബൈപ്പാസ് രൂപം കൊള്ളും. ഇതിലൂടെ നഗരത്തിലേക്കുള്ള പ്രവേശനം കൂടുതൽ സുഗമമാകും.
കുരീപ്പുഴ നിവാസികൾക്ക് കൊല്ലം നഗരത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഇത് സഹായകമാകും. കടവൂർ, അഞ്ചാലുംമൂട് പ്രദേശങ്ങളിലുള്ളവർക്ക് ഹൈസ്കൂൾ ജംഗ്ഷൻ, കച്ചേരി ജംഗ്ഷൻ എന്നിവ ഒഴിവാക്കി നേരിട്ട് ചിന്നക്കടയിലെത്താൻ സാധിക്കും. മേവറം–കാവനാട് പാതയ്ക്ക് സമാന്തരമായി മറ്റൊരു പ്രധാന റോഡ് നഗരത്തിൽ രൂപപ്പെടുന്നതിലൂടെ ഭാവി വികസനത്തിനും ഗതാഗത സൗകര്യങ്ങൾക്കും വലിയ സഹായമാകുമെന്നാണ് വിലയിരുത്തൽ.
₹74 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിക്ക് കിഫ്ബി സാമ്പത്തികാനുമതിയും 2026 ഫെബ്രുവരി 18-ന് സാങ്കേതികാനുമതിയും ലഭിച്ചു. ഫെബ്രുവരി 20-ന് ടെൻഡർ ക്ഷണിച്ചു. മാർച്ച് 6 ആണ് ടെൻഡർ സമർപ്പണത്തിനുള്ള അവസാന തീയതി. മാർച്ച് 9-ന് ടെൻഡർ തുറക്കും.
പദ്ധതിയുടെ പ്രധാന വിവരങ്ങൾ:
ഫ്ലൈഓവർ ദൈർഘ്യം: 492 മീറ്റർ
അപ്പ്രോച്ച് റോഡ്: 52 മീറ്റർ
ജംഗ്ഷൻ വികസനം: 150 മീറ്റർ
കാരിയേജ് വേ വീതി: 8.10 മീറ്റർ
ഇരുവശങ്ങളിലും നടപ്പാത: 1.5 മീറ്റർ
നിർവഹണ ഏജൻസി: കേരള റോഡ് ഫണ്ട് ബോർഡ്
കൊല്ലം നഗരഹൃദയത്തിലൂടെ കടന്നുപോകുന്ന പഴയ ദേശീയപാത 47 (മേവറം–ചിന്നക്കട–കാവനാട്) ഭാഗത്തെ ഗതാഗത തിരക്ക് കുറയ്ക്കാനാണ് ആശ്രാമം ലിങ്ക് റോഡ് പദ്ധതി രൂപം കൊണ്ടത്. ഒന്നും രണ്ടും ഘട്ടങ്ങൾ 2011-ൽ പൂർത്തിയായി. അഷ്ടമുടി കായലിലൂടെ ഫ്ലൈഓവർ നിർമിച്ച് കെഎസ്ആർടിസി ഡിപ്പോ ജംഗ്ഷനിൽ നിന്ന് ഓലയിൽ കടവിലേക്ക് എത്തുന്ന മൂന്നാംഘട്ടം 2022 ഓഗസ്റ്റിൽ പൂർത്തിയായി.
മേവറം–ചിന്നക്കട–കാവനാട് റോഡ് നാലുവരിയായി വികസിപ്പിക്കുന്നതും കൊല്ലം ബൈപ്പാസ് ആറുവരിയായി വികസിപ്പിക്കുന്നതും ഉൾപ്പെടെയുള്ള പുതിയ സാഹചര്യങ്ങളെ തുടർന്ന് നാലാംഘട്ടത്തിന്റെ അലൈൻമെന്റിൽ മാറ്റം വരുത്തിയാണ് ഇപ്പോഴത്തെ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്.