
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി)യുടെ കൊല്ലം ബസ് സ്റ്റേഷൻ സമഗ്ര നവീകരണത്തിലൂടെ പുതിയ രൂപത്തിലേക്ക് മാറുന്നു. പുതിയ ബസ് ടെർമിനലിന്റെ നിർമ്മാണ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ മാർച്ച് 4-ാം തീയതി ബുധനാഴ്ച വൈകിട്ട് 5 മണിക്ക് നിർവഹിക്കും.

കൊല്ലം നിയോജകമണ്ഡലത്തിലെ എം.എൽ.എ എം മുകേഷിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 5 കോടി രൂപ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന്റെ പുതിയ കെട്ടിട നിർമ്മാണത്തിനായി വകയിരുത്തിയിരുന്നു. കൂടാതെ എം.എൽ.എയുടെ അഭ്യർത്ഥന പ്രകാരം ഗതാഗത വകുപ്പിൽ നിന്ന് 10 കോടി രൂപ കൂടി അനുവദിച്ചതോടെ കൊല്ലം ബസ് ഗ്യാരേജിന് സമീപമുള്ള സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബസ് ടെർമിനൽ നിർമ്മിക്കുകയാണ്.
സംസ്ഥാന പൊതുമരാമത്ത് (ആർക്കിടെക്ചർ) വകുപ്പാണ് അംഗീകരിച്ച പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. പ്രീ-ഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന ബസ് സ്റ്റേഷനിൽ കാൽസിപ്പ് റൂഫിംഗും സ്റ്റീൽ സ്ട്രക്ചറും ഉൾപ്പെടും. 26,370 ചതുരശ്ര അടിയോളം വിസ്തൃതിയുള്ള കെട്ടിട സമുച്ചയത്തിൽ എയർകണ്ടീഷൻഡ് കാത്തിരിപ്പ് കേന്ദ്രം, റസ്റ്റോറന്റ്, കഫറ്റീരിയ, കടമുറികൾ, ഹെൽത്ത് കഫെ, എൻക്വയറി-കം-റിസർവേഷൻ സെന്റർ, ഡിപ്പോ ഓഫീസ്, പുരുഷ-വനിതാ ജീവനക്കാർക്ക് പ്രത്യേകം വിശ്രമമുറികൾ, പൊതു ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടായിരിക്കും.
ഒരേസമയം 22 ബസുകൾ പാർക്ക് ചെയ്യാൻ കഴിയുന്ന രീതിയിലാണ് ടെർമിനലിന്റെ രൂപകൽപ്പന. ആറുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
അതേസമയം അഷ്ടമുടി കായലിന്റെ തീരത്ത് പഴയ ബസ് സ്റ്റാൻഡ് നിലനിന്നിരുന്ന സ്ഥലത്ത് ടൂറിസം സാധ്യതകൾ മുൻനിർത്തിയുള്ള വികസന പദ്ധതി കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്‌ബി)യുടെ സജീവ പരിഗണനയിലാണെന്ന് എം.എൽ.എ എം മുകേഷ് അറിയിച്ചു