
കൊട്ടാരക്കര: അത്യാധുനിക സാങ്കേതികവിദ്യയിൽ 18 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കൊട്ടാരക്കര ബസ് ടെർമിനലിന്റെ നിർമാണോദ്ഘാടനം ഫെബ്രുവരി 27ന് വൈകുന്നേരം നാല് മണിക്ക് നടക്കും. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നിർമാണോദ്ഘാടനം നിർവഹിക്കും.

ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ചടങ്ങുകൾക്ക് അധ്യക്ഷത വഹിക്കും. പ്രദേശത്തിന്റെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ സംവിധാനങ്ങൾ ഒരുക്കുന്നതിനുമായി ബസ് ടെർമിനൽ രൂപകൽപ്പന ചെയ്തിട്ടുണ്ട്.
കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റേഷൻ 18.1 കോടി രൂപ മുതൽമുടക്കിലാണ് പൂർണ്ണമായും പൊളിച്ചു പണിയുന്നത്. ധനകാര്യ മന്ത്രിയുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്നുമുള്ള 2.5 കോടി രൂപ ഉൾപ്പെടെയാണ് ഈ തുക. പ്രീ ഫാബ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് ബസ് സ്റ്റേഷന്റെ നിർമ്മാണം. കാൽസിപ്പ് റൂഫിംഗും സ്റ്റീൽ സ്ട്രക്ചറും ഉണ്ടാകും. 26,370 ചതുരശ്ര അടിയാണ് ബസ് സ്റ്റേഷനിലെ കെട്ടിടങ്ങളുടെ ആകെ വിസ്തീർണ്ണം. എയർകണ്ടീഷൻഡ് കാത്തിരിപ്പ് കേന്ദ്രം, റസ്റ്റോറന്റ്, കഫറ്റീരിയ, കടമുറികൾ, ഹെൽത്ത് കഫെ, എൻക്വയറി കം റിസർവേഷൻ സെന്റർ, ഡിപ്പോ ഓഫീസ്, പുരുഷ വനിതാ ജീവനക്കാർക്ക് പ്രത്യേകം വിശ്രമമുറികൾ, പൊതു ടോയ്ലറ്റുകൾ ഉൾപ്പെടെയാണ് ബസ് സ്റ്റേഷൻ നിർമ്മിക്കപ്പെടുന്നത്. ഒരേസമയം 22 ബസുകൾ നിർത്തിയിടാൻ കഴിയുന്ന സൗകര്യമാകും കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ ഉണ്ടാവുക.ആറുമാസം കൊണ്ട് ബസ് സ്റ്റേഷന്റെ നിർമ്മാണം പൂർത്തിയാക്കുവാനാണ് ഉദ്ദേശിക്കുന്നത്.
1940ൽ സ്ഥാപിതമായതാണ് കൊട്ടാരക്കര നഗരത്തിന്റെ ഹൃദയമായ പുലമൺ ജംങ്‌ഷനിൽ സ്ഥിതി ചെയ്യുന്ന ഡിപ്പോ. 2.20 ഏക്കറാണ് വിസ്‌തൃതി.
കേരളത്തിലെ ഏറ്റവും കൂടുതൽ ഷെഡ്യൂളുകൾ പ്രവർത്തിപ്പിക്കുന്നത് കൊട്ടാരക്കര ഡിപ്പോയിൽനിന്നാണ്.
കേരളത്തിൽ ഏറ്റവും കൂടുതൽ യാത്രക്കാർ വന്നുപോകുന്ന ഡിപ്പോയാണിത്. ഏകദേശം കാൽലക്ഷത്തോളം യാത്രക്കാരാണ് ദിനംപ്രതി ഡിപ്പോയിലെത്തി മടങ്ങുന്നത്.