
കൊട്ടാരക്കര ഐ.ടി പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 79.47 കോടി രൂപയുടെ കരാർ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നൽകി. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ കൊട്ടാരക്കരയിൽ സ്ഥാപിക്കുന്ന ഐ.ടി പാർക്കിന്റെ നിർമ്മാണ ചുമതലയാണ് രണ്ട് ഘട്ടങ്ങളിലായി നടന്ന ടെൻഡർ നടപടികൾക്ക് ശേഷം ഊരാളുങ്കൽ സൊസൈറ്റി നേടിയത്. രണ്ടാംഘട്ട റീ-ടെൻഡറിൽ പങ്കെടുത്ത രണ്ട് സ്ഥാപനങ്ങളിൽ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സമർപ്പിച്ച 79.47 കോടി രൂപയുടെ ടെൻഡറാണ് അംഗീകരിച്ചത്.

നിർമ്മാണ പ്രവർത്തനങ്ങൾ കൈമാറുന്നതിനായി പദ്ധതി നിർവഹണ ഏജൻസിയായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ സംസ്ഥാന ഐ.ടി വകുപ്പിനെ സമീപിച്ചിട്ടുണ്ട്. ഇതോടെ ഐ.ടി പാർക്കിന്റെ നിർമ്മാണം ഉടൻ ആരംഭിക്കാനാകും.
സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിപ്രകാരം ഏകദേശം ഒരു ഏക്കർ സ്ഥലത്ത് എട്ട് നിലകളിലായി 1.47 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് ഐ.ടി പാർക്ക് ഉയരുന്നത്. 1200-ത്തിലധികം പേർക്ക് തൊഴിൽ ലഭ്യമാക്കുന്ന സൗകര്യങ്ങളോടുകൂടിയ ആധുനിക ഐ.ടി പാർക്കായിരിക്കും ഇത്. സ്റ്റീൽ സ്ട്രക്ച്ചറുകളിൽ ഇ.പി.എസ് പാനലിംഗ് ഉപയോഗിക്കുന്ന നിർമ്മാണരീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് കെട്ടിടത്തിനുള്ളിലെ ചൂട് നിയന്ത്രിക്കുകയും വൈദ്യുതി ഉപയോഗം കുറയ്ക്കുകയും ചെയ്യും.
രണ്ട് നിലകൾ വാഹന പാർക്കിംഗിനായി മാറ്റിവെക്കുകയും ആദ്യഘട്ടത്തിൽ 120 വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യം ഒരുക്കുകയും ചെയ്യും. കൂടാതെ ആറു ഇലക്ട്രിക് വാഹന ചാർജിംഗ് യൂണിറ്റുകളും സജ്ജമാക്കും. ഭാവിയിലെ വികസന സാധ്യതകൾ മുൻനിർത്തി അനുബന്ധ സൗകര്യങ്ങളും ക്യാമ്പസിൽ ഉൾപ്പെടുത്തും. ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യം.
രണ്ടാംനിര നഗരങ്ങളിലെ ശ്രദ്ധേയ ഐ.ടി കേന്ദ്രമായി കൊട്ടാരക്കര ഉയർന്ന് വരുന്നതിനിടെ ലോകോത്തര ഐ.ടി കമ്പനിയായ സോഹോ കോർപ്പറേഷൻ റെസിഡൻഷ്യൽ ഐ.ടി പാർക്ക് നെടുവത്തൂരിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. 250 പേർക്ക് തൊഴിൽ ഉറപ്പാക്കുന്ന ഈ കേന്ദ്രത്തിന് പുറമെ ‘വർക്ക് നിയർ ഹോം’ പദ്ധതിയുടെ ഭാഗമായി സർക്കാർ ഐ.ടി സെന്ററും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഐ.എച്ച്.ആർ.ഡി ക്യാമ്പസിൽ പ്രവർത്തിക്കുന്ന സോഹോയുടെ റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് സെന്ററിൽ 40 സീറ്റുകളുണ്ട്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖംയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന വിഴിഞ്ഞം–കൊല്ലം–പുനലൂർ വളർച്ചാ മുനമ്പിന്റെ ഭാഗമായി കൊട്ടാരക്കരയും പരിസര പ്രദേശങ്ങളും പ്രധാന ഐ.ടി ഹബ്ബായി മാറുന്നതിനുള്ള അടിത്തറയാണ് രവി നഗറിൽ ആരംഭിക്കുന്ന ഈ നിർമാണ പ്രവർത്തനം.