You are currently viewing കോവൂര്‍ കുഞ്ഞുമോന്റെ നാമനിര്‍ദ്ദേശം അംഗീകരിച്ചു

കോവൂര്‍ കുഞ്ഞുമോന്റെ നാമനിര്‍ദ്ദേശം അംഗീകരിച്ചു

കോവൂര്‍ കുഞ്ഞുമോന്റെ നാമനിര്‍ദ്ദേശവുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിന് ഒടുവിൽ വിരാമമായി. ആര്‍എസ്പി ലെനിനിസ്റ്റ് അംഗമായും സ്വതന്ത്ര സ്ഥാനാര്‍ഥിയായും സമര്‍പ്പിച്ച രണ്ട് പത്രികകളില്‍ ഒന്നിനെ അദ്ദേഹം പിന്‍വലിച്ചതായി അറിയിച്ചതിനെ തുടര്‍ന്ന്, സ്വതന്ത്ര സ്ഥാനാര്‍ഥിയായി നല്‍കിയ പത്രിക വരണാധികാരി അംഗീകരിച്ചു.
ഒരേ സ്ഥാനാര്‍ഥി രണ്ട് വ്യത്യസ്ത നിലകളില്‍ പത്രിക നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു യുഡിഎഫ് ഉയര്‍ത്തിയ പ്രധാന വാദം. കൂടാതെ, രണ്ട് പത്രികകളിലും വ്യത്യസ്ത വിവരങ്ങളാണുള്ളതെന്നും ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടിക്ക് ഔദ്യോഗിക രജിസ്ട്രേഷന്‍ ഇല്ലെന്നുമാണ് ഇവര്‍ ചൂണ്ടിക്കാട്ടിയത്.

അതേസമയം, ആര്‍എസ്പി ലെനിനിസ്റ്റ് സംസ്ഥാന സെക്രട്ടറി അഡ്വ. ബലദേവ് തങ്ങള്‍ ഇത്തരമൊരു സ്ഥാനാര്‍ഥിയെ പാര്‍ട്ടി നിര്‍ത്തിയിട്ടില്ലെന്ന വാദവും ഉന്നയിച്ചു. എന്നാല്‍ താന്‍ പാര്‍ട്ടി സെക്രട്ടറിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇതോടെ, പാര്‍ട്ടി സ്ഥാനാര്‍ഥിയായി നല്‍കിയ പത്രിക പിന്‍വലിച്ചാല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായുള്ള പത്രിക അംഗീകരിക്കാമെന്ന നിലപാടാണ് വരണാധികാരി സ്വീകരിച്ചത്.

മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനാണ് ഇതോടെ അറുതിയായത്. നാമനിര്‍ദ്ദേശം തള്ളപ്പെടാമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് സംസ്ഥാനതലത്തിലെ ഇടത് നേതാക്കള്‍ വരെ കുന്നത്തൂരിലെ പാര്‍ട്ടി നേതൃത്വവുമായി ബന്ധപ്പെട്ടു.
ഒരാള്‍ക്ക് രണ്ട് രീതിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാമോ എന്ന വിഷയത്തില്‍ ഉന്നതതലത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് ആര്‍എസ്പി നേതാക്കള്‍ അറിയിച്ചു.
.

Leave a Reply