
നിപ രോഗിയെ പരിചരിക്കുന്നതിനിടെ ഉണ്ടായ അണുബാധയും നിപയുടെ അത്യപൂര്‍വമായ സങ്കീര്‍ണതയായ ഡിലെയ്ഡ് എന്‍സഫലിറ്റിസ് എന്ന അവസ്ഥയും അതിജീവിച്ച ആരോഗ്യ പ്രവര്ത്തകന് ടിറ്റോയെയും അദ്ദേഹത്തിന്റെ മാതാപിതാക്കളെയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കോഴിക്കോട് വീട്ടിലെത്തി സന്ദര്‍ശിച്ചു. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ടിറ്റോ നല്കിയ വിലപ്പെട്ട സംഭാവനകള്‍ മന്ത്രി അനുസ്മരിച്ചു.

2023ല്‍ കോഴിക്കോട് ജില്ലയില്‍ നിപ ബാധ സ്ഥിരീകരിച്ച മരുതൂംകരം സ്വദേശിയായ രോഗിയെ പരിചരിക്കുന്നതിനിടെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന ടിറ്റോയ്ക്ക് നിപ ബാധിച്ചത്. രോഗം സ്ഥിരീകരിച്ച ഉടന്‍ തന്നെ ചികിത്സ ആരംഭിക്കുകയും തുടര്‍ന്ന് ടിറ്റോ രോഗമുക്തി നേടുകയും ചെയ്തു. എന്നാല്‍ പിന്നീട് അത്യപൂര്‍വമായി തലച്ചോറില്‍ വൈറസ് അവശേഷിച്ച് വീണ്ടും സജീവമാകുന്ന ഡിലെയ്ഡ് എന്‍സഫലിറ്റിസ് എന്ന ഗുരുതര അവസ്ഥയിലേക്കാണ് ടിറ്റോ കടന്നത്.
വളരെ ബുദ്ധിമുട്ടേറിയ അവസ്ഥകളിലൂടെ കടന്നുപോയ ശേഷമാണ് ടിറ്റോ ഇപ്പോള്‍ പതിയെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. 2023ലെ നിപ വ്യാപന സമയത്ത് സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതില്‍ ടിറ്റോ നല്കിയ നിര്‍ണായക വിവരങ്ങള്‍ രോഗവ്യാപനം നിയന്ത്രിക്കാന്‍ ഏറെ സഹായകമായതായി മന്ത്രി വ്യക്തമാക്കി. അത്തരം കൃത്യമായ വിവരങ്ങള്‍ ലഭിച്ചതിനാലാണ് നിപ ബാധയിലെ മരണനിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു.
ടിറ്റോയ്ക്ക് ഉണ്ടായതുപോലുള്ള രോഗാവസ്ഥ അത്യന്തം അപൂര്‍വമാണെന്നും, ഇതിലൂടെ മറ്റുള്ളവര്‍ക്ക് രോഗം പകരാനുള്ള സാധ്യതയില്ലെന്നും മന്ത്രി വ്യക്തമാക്കി. രണ്ടുതവണ നിപയെ അതിജീവിച്ച ടിറ്റോ വേഗത്തില്‍ പൂര്‍ണ ആരോഗ്യത്തിലേക്ക് മടങ്ങിവരട്ടെയെന്ന് മന്ത്രി വീണാ ജോര്‍ജ് ആശംസിച്ചു.