
പുനലൂർ ∙ കെ.എസ്.ആർ.ടി.സിയുടെ പ്രതിദിന യാത്രക്കാരുടെ എണ്ണം ചരിത്രത്തിലാദ്യമായി ഒരു ലക്ഷത്തിൽ എത്തി. ഇതോടൊപ്പം 1.19 കോടി രൂപയുടെ വരുമാനവും രേഖപ്പെടുത്തിയതായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ആരംഭിക്കുന്ന വിവിധ പുതിയ സർവീസുകളുടെ ഉദ്ഘാടനം നിർവഹിക്കുകയും ഡിപ്പോയുടെ നവീകരണത്തിനായി അഞ്ച് കോടി രൂപയുടെ പ്രഖ്യാപനവും നടത്തുകയും ചെയ്തു.
സംസ്ഥാനത്തെ വിവിധ ബസ് സ്റ്റേഷനുകളുടെ നവീകരണത്തിന് സർക്കാർ 120 കോടി രൂപ വകയിരുത്തിയതായി മന്ത്രി അറിയിച്ചു. കൊട്ടാരക്കര, കായംകുളം, തൃശ്ശൂർ, കൊല്ലം, ആറ്റിങ്ങൽ, എറണാകുളം, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലെ സ്റ്റേഷനുകളിൽ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. പുനലൂർ, ആര്യങ്കാവ്, കുളത്തൂപ്പുഴ ഡിപ്പോകളിൽ കമ്പ്യൂട്ടറൈസേഷൻ നടപ്പാക്കാനും ഭരണാനുമതി നൽകിയിട്ടുണ്ട്.
മലയോര പ്രദേശങ്ങളിലേക്ക് പുനലൂരിൽ സർക്കുലർ സർവീസ് ആരംഭിച്ചിരിക്കുകയാണ്. വിജയകരമായാൽ ഇതിനെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ, കിഴക്കൻ മലയോരങ്ങളിലും തീരപ്രദേശങ്ങളിലും കൂടുതൽ മിനി ബസ് സർവീസുകൾ ആരംഭിക്കും. ജീവനക്കാർക്കായി ഒരു കോടി രൂപയുടെ ഇൻഷുറൻസ് പദ്ധതി നടപ്പാക്കി. ട്രാവൽ കാർഡ് പദ്ധതിയുടെ ഭാഗമായി അഞ്ച് ലക്ഷം കാർഡുകൾ പുറത്തിറക്കും. സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ഡിപ്പോകളിൽ സി.സി.ടി.വി ക്യാമറകളും ജീവനക്കാർക്ക് ശീതീകരിച്ച വിശ്രമ മുറികളും ഒരുക്കും.
പുതുതായി ആരംഭിച്ച പല സർവീസുകൾക്കും മികച്ച പ്രതികരണം ലഭിക്കുന്നതായി മന്ത്രി വ്യക്തമാക്കി. മൂന്നാറിൽ തുടങ്ങിയ ഡബിൾ ഡെക്കർ ബസ് സർവീസിലൂടെ പ്രതിദിനം 48,000 രൂപ ലാഭം ലഭിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുനലൂർ–കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് സർവീസ്, പുനലൂർ ടൗൺ സർക്കിൾ സർവീസ്, പുനലൂർ–മുന്നാർ ഫാസ്റ്റ് പാസഞ്ചർ സർവീസ്, കുളത്തൂപ്പുഴ–ആര്യങ്കാവ് ഡിപ്പോകളിൽ നിന്ന് തുടങ്ങുന്ന പ്രാദേശിക സർവീസുകൾ എന്നിവയാണ് പുതുതായി ആരംഭിച്ച പ്രധാന സർവീസുകൾ. ചടങ്ങിൽ പി.എസ്. സുപാൽ എം.എൽ.എ അധ്യക്ഷത വഹിച്ചു.
