തിരുവനന്തപുരം:
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) പ്രതിദിന ടിക്കറ്റ് വരുമാനത്തിൽ ചരിത്ര നേട്ടം കൈവരിച്ചു. 2025 സെപ്റ്റംബർ 8-ന് കെഎസ്ആർടിസി നേടിയത് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന പ്രതിദിന വരുമാനമായ ₹10.19 കോടിയാണ്.
മുൻപ് 2024 ഡിസംബർ 23-ന് ശബരിമല സീസണിൽ രേഖപ്പെടുത്തിയ ₹9.22 കോടി വരുമാനമാണ് ഇതുവരെ ഏറ്റവുമുയർന്ന നേട്ടമായിരുന്നത്. 2024 ഓണം സമയത്ത് (സെപ്റ്റംബർ 14) രേഖപ്പെടുത്തിയ ₹8.29 കോടി മുൻപുള്ള സർവ്വകാല റെക്കോഡായിരുന്നു. പുതിയ നേട്ടത്തിൽ 4,607 ബസുകളാണ് സർവീസ് നടത്തിയിരിക്കുന്നത്. മുൻ റെക്കോർഡിൽ (2024 ഡിസംബർ 23) 4,567 ബസുകളാണ് പ്രവർത്തിച്ചത്.
ജീവനക്കാരുടെയും സൂപ്പർവൈസർമാരുടെയും ഓഫീസർമാരുടെയും കൂട്ടായ പരിശ്രമം കൊണ്ടാണ് ഒരിക്കൽ അസാധ്യമായി തോന്നിയിരുന്ന ഈ ലക്ഷ്യം കൈവരിച്ചതെന്ന് കെഎസ്ആർടിസി അറിയിച്ചു.
ഗതാഗത വകുപ്പ് മന്ത്രിയുടെ പരിഷ്കരണ നടപടികളും, മാനേജ്മെന്റിന്റെ നേതൃത്വത്തിലുള്ള തുടർ പ്രവർത്തനങ്ങളും, പുതിയ ബസുകളുടെ വരവും, സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരിൽ വലിയ സ്വീകാര്യത നേടിയതോടെ നേട്ടം സാധ്യമായി.
കെഎസ്ആർടിസിയുടെ ഈ അഭിമാനകരമായ മുന്നേറ്റത്തിന് സമർപ്പണത്തോടെ പ്രവർത്തിച്ച ജീവനക്കാരോടും, വിശ്വാസം പുലർത്തിയ യാത്രക്കാരോടും, പിന്തുണ നൽകിയ എല്ലാവരോടും നന്ദി അറിയിക്കുന്നതായി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ വ്യക്തമാക്കി.
