
മൂന്നാർ: മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് വിസ്മയകരമായ യാത്രാനുഭവം ഒരുക്കുന്നതിനായി കെഎസ്ആർടിസി അവതരിപ്പിക്കുന്ന ‘റോയൽ വ്യൂ 2.0’ ഡബിൾ ഡെക്കർ ബസ് നാളെ (ഡിസംബർ 31) രാവിലെ 10.30ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്യും. ആനയറയിലെ കെഎസ്ആർടിസി സ്വിഫ്റ്റ് ആസ്ഥാനത്തുവച്ചാണ് ഫ്ലാഗ് ഓഫ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

പുറംകാഴ്ചകൾ പൂർണമായി ആസ്വദിക്കാനാകുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത ഫുള്ളി ട്രാൻസ്പരന്റ് ഡബിൾ ഡെക്കർ ബസ് ‘റോയൽ വ്യൂ’ ആദ്യ ഘട്ടത്തിൽ തന്നെ മൂന്നാർ സഞ്ചാരികളിൽ നിന്ന് വലിയ സ്വീകാര്യത നേടിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് രണ്ടാമത്തെ ഡബിൾ ഡെക്കർ ‘റോയൽ വ്യൂ 2.0’ പുതുവത്സര സമ്മാനമായി കെഎസ്ആർടിസി അവതരിപ്പിക്കുന്നത്.
മലനിരകളുടെയും ചായത്തോട്ടങ്ങളുടെയും പ്രകൃതിസൗന്ദര്യം അടുത്തറിഞ്ഞ് അനുഭവിക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ ബസിന്റെ രൂപകൽപ്പന. ടൂറിസം മേഖലയെ കൂടുതൽ ഉത്സാഹിപ്പിക്കുന്നതോടൊപ്പം, സംസ്ഥാനത്തിന്റെ പൊതുഗതാഗത സംവിധാനത്തെ ആധുനികവത്കരിക്കുന്നതിലേക്കുള്ള മറ്റൊരു ചുവടായി ‘റോയൽ വ്യൂ 2.0’ മാറുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മൂന്നാറിലെത്തുന്ന ആഭ്യന്തര-വിദേശ സഞ്ചാരികൾക്ക് ഈ സേവനം പുതിയ അനുഭവമായി മാറുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖലയും യാത്രക്കാരും.