You are currently viewing കുണ്ടറ താലൂക്ക് ആശുപത്രിക്ക് പുതിയ മുഖം; 8 നിലകളുള്ള കെട്ടിടം ജനുവരി 19ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കുണ്ടറ താലൂക്ക് ആശുപത്രിക്ക് പുതിയ മുഖം; 8 നിലകളുള്ള കെട്ടിടം ജനുവരി 19ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കുണ്ടറ: കുണ്ടറ താലൂക്ക് ആശുപത്രിയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ച പുതിയ എട്ട് നില കെട്ടിടം 2026 ജനുവരി 19ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കിഫ്ബി ഫണ്ടിൽ നിന്ന് 76.13 കോടി രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്.

പുതിയ കെട്ടിടം
പ്രവർത്തനക്ഷമമാകുന്നതോടെ ആശുപത്രിയിലെ മൊത്തം കിടക്കകളുടെ എണ്ണം 180 ആയി ഉയരും. ഇതോടൊപ്പം പീഡിയാട്രിക്‌സ് സർജറി, ഇഎൻടി, ഒഫ്താൽമോളജി എന്നീ സ്പെഷ്യാലിറ്റി വിഭാഗങ്ങളും ആശുപത്രിയിൽ ആരംഭിക്കും.

കെട്ടിടത്തിൽ രണ്ട് ഓപ്പറേഷൻ തിയേറ്ററുകൾ, നാല് ഐസിയുകൾ, ഒരു ജനറൽ പേവാർഡ്, സ്കാനിംഗ് ലബോറട്ടറി, എക്സ്റേ വിഭാഗം, പോസ്റ്റ്‌മോർട്ടം മോർച്ചറി എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അത്യാഹിത വിഭാഗം, അൾട്രാസൗണ്ട് സ്കാനിംഗ് യൂണിറ്റ്, എക്സ്റേ, മാമോഗ്രാഫി സൗകര്യങ്ങൾ എന്നിവ താഴത്തെ നിലയിൽ പ്രവർത്തിക്കും.

ഇതിനുപുറമെ, ആശുപത്രിയിലെ പഴയ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ഡയാലിസിസ് യൂണിറ്റും പ്രവർത്തനം ആരംഭിക്കും. പുതിയ സംവിധാനങ്ങൾ യാഥാർഥ്യമാകുന്നതോടെ കുണ്ടറയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങൾ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply