
ചവറ നിയോജകമണ്ഡലത്തിലെ കുറ്റിവട്ടം ഗവൺമെന്റ് ആയുര്‍വേദ ആശുപത്രിയിൽ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ പുതുക്കിയ ഒന്നാം നില കെട്ടിടം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

എംഎൽഎ ഫണ്ടിൽ നിന്ന് 1.75 കോടി രൂപയും ആയുഷ് ഫണ്ടിൽ നിന്ന് 1 കോടി രൂപയും വിനിയോഗിച്ചാണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നിർമ്മിച്ചതെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന തരത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഈ കെട്ടിടം പൊതുജനങ്ങൾക്ക് മികച്ച ചികിത്സാ സൗകര്യം ഉറപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
55 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച ആയുര്‍വേദ ആശുപത്രിക്ക് കഴിഞ്ഞ പത്ത് വർഷത്തിനിടെ എംഎൽഎ ഫണ്ടിൽ നിന്ന് 3.87 കോടി രൂപയും ആയുഷ് ഫണ്ടിൽ നിന്ന് 1 കോടി രൂപയും ചെലവഴിച്ചാണ് വിവിധ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ചത്. നേത്രരോഗ ചികിത്സ, പഞ്ചകർമ്മ, യോഗ ചികിത്സ ഉൾപ്പെടെയുള്ള വിവിധ ആയുര്‍വേദ ചികിത്സകൾ ഇവിടെ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
ചവറ എംഎൽഎ സുജിത്ത് വിജയൻ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ശ്രീമതി ബിന്ദു, ഗ്രാമപഞ്ചായത്ത് അംഗം ജെ. അനിൽ, ആയുര്‍വേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. സ്വപ്ന, മുൻ ജില്ലാ പഞ്ചായത്ത് അംഗം എസ്. സോമൻ, സി.പി.ഐ(എം) പ്രതിനിധി അഹമ്മദ് മൻസൂർ, സി.പി.ഐ പ്രതിനിധി സക്കീർ വടക്കുംതല, ബിജെപി പ്രതിനിധി വെറ്റമുക്ക് സോമൻ എന്നിവർ സംസാരിച്ചു.