You are currently viewing നെടുമങ്ങാട് കോടതി സമുച്ഛയത്തിനായി ഭൂമി കൈമാറി

നെടുമങ്ങാട് കോടതി സമുച്ഛയത്തിനായി ഭൂമി കൈമാറി

നെടുമങ്ങാട്: നെടുമങ്ങാട് പുതിയ കോടതി സമുച്ഛയം യാഥാർത്ഥ്യമാക്കുന്നതിനായി ജലസേചന വകുപ്പിന്റെ കൈവശത്തിലുണ്ടായിരുന്ന വാമനപുരം ജലസേചന പദ്ധതിക്ക് കീഴിലുള്ള വി.ഐ.പി ജംഗ്ഷനിലെ 75 സെന്റ് സ്ഥലം നീതിന്യായ വകുപ്പിന് കൈമാറി. കോടതികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന നീക്കമായാണ് ഭൂമി കൈമാറ്റം വിലയിരുത്തപ്പെടുന്നത്.

വി.ഐ.പി ജംഗ്ഷനിൽ പുതിയ കോടതി സമുച്ഛയം പ്രവർത്തനക്ഷമമാകുന്നതോടെ നിലവിൽ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന കോടതികളെ ഒരിടത്തേക്ക് ഏകീകരിക്കാൻ സാധിക്കും. വേൾഡ് മാർക്കറ്റിനുള്ളിൽ പ്രവർത്തിക്കുന്ന എസ്.സി–എസ്.ടി കോടതിയും നെട്ടയിൽ സ്ഥിതി ചെയ്യുന്ന പോക്സോ കോടതിയും മേലാംകോട് മുനിസിപ്പാലിറ്റി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഫോറസ്റ്റ് ട്രിബ്യൂണലും പുതിയ സമുച്ഛയത്തിലേക്ക് മാറ്റും.
ഇതോടൊപ്പം നിലവിലെ കോടതി കോംപ്ലക്സിൽ പ്രവർത്തിക്കുന്ന സബ് കോടതി, മജിസ്ട്രേറ്റ് കോടതികൾ, പ്രിൻസിപ്പൽ മുൻസിഫ് കോടതി, അഡീഷണൽ മുൻസിഫ് കോടതി, കുടുംബ കോടതി എന്നിവയും ഒരേ സമുച്ഛയത്തിനുള്ളിൽ പ്രവർത്തിപ്പിക്കാൻ സാധിക്കും.

കോടതി സമുച്ഛയത്തിന്റെ ഭാഗമായി മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ (MACT) കോടതി, മീഡിയേഷൻ സെന്റർ, അദാലത്ത് ഹാൾ, ലീഗൽ സർവീസ് കേന്ദ്രം എന്നിവയും പുതുതായി പ്രവർത്തന സജ്ജമാക്കാനുള്ള സംവിധാനങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുതിയ കോടതി സമുച്ഛയം യാഥാർത്ഥ്യമാകുന്നതോടെ നീതിന്യായ സംവിധാനങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകുകയും, പൊതുജനങ്ങൾക്ക് മികച്ച സൗകര്യങ്ങൾ ലഭ്യമാകുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

Leave a Reply