
കൊല്ലം: കുന്നത്തൂർ നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ കോവൂർ കുഞ്ഞുമോൻ സമർപ്പിച്ച നാമനിർദ്ദേശ പത്രികയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് പത്രിക തള്ളപ്പെടാൻ സാധ്യതയുണ്ടെന്ന സൂചനകൾ ശക്തമാകുന്നു.

കുഞ്ഞുമോൻ രണ്ട് സെറ്റ് നാമനിർദ്ദേശ പത്രികകളാണ് സമർപ്പിച്ചിരുന്നത്. ഇതിൽ ഒരു സെറ്റിൽ താൻ ആർഎസ്പി (ലെനിനിസ്റ്റ്) പാർട്ടിയുടെ പ്രതിനിധിയാണെന്ന് രേഖപ്പെടുത്തിയപ്പോൾ, രണ്ടാമത്തെ പത്രികയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് വിവരങ്ങൾ നൽകിയിരിക്കുന്നത്.
ഇന്ന് നടന്ന സൂക്ഷ്മപരിശോധനയ്ക്കിടെ ഈ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി യുഡിഎഫ് രംഗത്തെത്തി. പത്രിക തള്ളണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതാവ് കെ.ജി വിജയദേവൻ പിള്ള വരണാധികാരിക്ക് ഔദ്യോഗികമായി പരാതി നൽകി. ഒരാൾക്ക് ഒരേസമയം ഒരു രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർത്ഥിയുമായി കൂടാതെ സ്വതന്ത്ര സ്ഥാനാർത്ഥിയായും മത്സരിക്കാൻ വ്യത്യസ്ത പത്രികകൾ സമർപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. കൂടാതെ ആർഎസ്പി (ലെനിനിസ്റ്റ്) രജിസ്റ്റേഡ് പാർട്ടിയല്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
പരാതിയെ തുടർന്ന് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനായി വരണാധികാരി ഉച്ചയ്ക്ക് 3 മണിവരെ തീരുമാനം ‘ഹോൾഡ്’ ചെയ്തിരിക്കുകയാണ്. ഇതിനിടെ ആർഎസ്പി (ലെനിനിസ്റ്റ്) സംസ്ഥാന സെക്രട്ടറി അഡ്വ. ബലദേവ്യും രംഗത്തെത്തി. കുന്നത്തൂരിൽ തങ്ങളുടെ പാർട്ടി സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ലെന്നും, അതിനാൽ കുഞ്ഞുമോൻ സമർപ്പിച്ച പത്രിക തള്ളണമെന്നും ആവശ്യപ്പെട്ട് കുന്നത്തൂർ തഹസീൽദാർക്ക് പരാതി നൽകിയതായി അദ്ദേഹം അറിയിച്ചു.
ഇതിനിടെ, ഭരണതലത്തിൽ ഇടപെടൽ നടത്തി പത്രിക തള്ളാതിരിക്കുകയാണെങ്കിൽ അടിയന്തരമായി കോടതിയെ സമീപിക്കുമെന്ന് യുഡിഎഫ് നേതൃത്വം മുന്നറിയിപ്പ് നൽകി. വിഷയത്തിൽ വരണാധികാരിയുടെ അന്തിമ തീരുമാനം നിർണായകമാകും.