താമരശ്ശേരി: മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ട താമരശ്ശേരി ചുരത്തിൽ ചെറുവാഹനങ്ങൾക്കായി ഒറ്റലെയിൻ ഗതാഗതത്തിന് അനുമതി. മഴ കുറഞ്ഞ സമയങ്ങളിൽ മാത്രമാണ് ഇളവ് അനുവദിക്കുക. ഭാരവാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിംഗ് അറിയിച്ചു.
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനം. മഴ ശക്തമായാൽ ഗതാഗതം താൽക്കാലികമായി നിരോധിക്കും. താമരശ്ശേരി, വയനാട് ഭാഗങ്ങളിൽ ഇതിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകി. യാത്രക്കാർ പരമാവധി ജാഗ്രത പുലർത്തുകയും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശം.
വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരമേറിയ വാഹനങ്ങൾ കുറ്റ്യാടി, നാടുകാണി ചുരം വഴിയോ കണ്ണൂർ റോഡിലൂടെയോ സഞ്ചരിക്കണം. നിലവിൽ റോഡിൽ വീണ മണ്ണും കല്ലുകളും നീക്കം ചെയ്തെങ്കിലും ശക്തമായ മഴ തുടരുന്നതിനാൽ പാറകൾ വീഴാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. അതിനാൽ പ്രദേശത്ത് 24 മണിക്കൂറും നിരീക്ഷണം ഉറപ്പാക്കും.
റോഡിൽ രാത്രി സമയത്ത് ആവശ്യമായ വെളിച്ചം ഒരുക്കാൻ ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗത്തിനും തഹസിൽദാറിനും നിർദേശം നൽകിയിട്ടുണ്ട്. ക്രെയിനുകൾ, ആംബുലൻസ് സർവീസ് എന്നിവ ഒരുക്കുകയും സമീപത്തെ ആശുപത്രികളെ ജാഗ്രതയിൽ വയ്ക്കുകയും ചെയ്യും.
കുറ്റ്യാടി റോഡിൽ ഗതാഗതം സുഗമമാക്കുന്നതിനായി കുഴികൾ അടിയന്തരമായി നികത്താനും രാത്രി സമയത്ത് വെളിച്ചം ഉറപ്പാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ജില്ലാ കലക്ടർ നിർദ്ദേശിച്ചു.
