You are currently viewing തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രങ്ങളിലെ കാന്‍ഡിഡേറ്റ് സെറ്റിങ് ഇന്ന് ആരംഭിക്കും

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രങ്ങളിലെ കാന്‍ഡിഡേറ്റ് സെറ്റിങ് ഇന്ന് ആരംഭിക്കും

കോഴിക്കോട്:ജില്ലയിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനായുള്ള വോട്ടിങ് യന്ത്രങ്ങളിലെ കാന്‍ഡിഡേറ്റ് സെറ്റിങ് ഇന്ന് (ഡിസംബർ 5) തുടങ്ങും. ജില്ലയിലെ വോട്ടെടുപ്പിനായി 3,940 കൺട്രോൾ യൂണിറ്റുകളും 10,060 ബാലറ്റ് യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്.

ആദ്യഘട്ട പരിശോധന പൂർത്തിയാക്കിയ ഇ.വി.എം യന്ത്രങ്ങൾ ജില്ലാ വെയർഹൗസിൽ നിന്ന് ബ്ലോക്ക്, മുനിസിപ്പൽ, കോർപ്പറേഷൻ റിട്ടേണിങ് ഓഫീസർമാർക്ക് കൈമാറിയിരുന്നു. രണ്ടാംഘട്ട പരിശോധനയും പൂർത്തിയായതോടെ, കാന്‍ഡിഡേറ്റ് സെറ്റിങ് കഴിഞ്ഞ യന്ത്രങ്ങൾ വിതരണ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകളിൽ സൂക്ഷിക്കും. വോട്ടെടുപ്പ് നടക്കുന്ന ദിവസത്തിന് മുൻപേ പോളിങ് സാമഗ്രികളോടൊപ്പം ഇവ ഉദ്യോഗസ്ഥർക്കു കൈമാറും.

പഞ്ചായത്തുകളിൽ മൾട്ടി പോസ്റ്റ് ഇ.വി.എം ആണ് ഉപയോഗിക്കുന്നത് — ഒരു കൺട്രോൾ യൂണിറ്റിനൊപ്പം മൂന്ന് ബാലറ്റ് യൂണിറ്റുകൾ. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിൽ ബാലറ്റ് യൂണിറ്റുകൾ വോട്ടിങ് കംപാർട്ട്മെന്റിൽ സ്ഥാപിക്കും. നഗരസഭകളിൽ ഒരു കൺട്രോൾ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റും മതിയാകും.
ഇ.വി.എം-ന് സാങ്കേതിക പ്രശ്‌നങ്ങൾ വരുന്നതിനായി 25 ശതമാനം റിസർവ് മെഷീനുകൾ റിട്ടേണിങ് ഓഫീസർമാരുടെ അധീനതയിൽ തയ്യാറായി വയ്ക്കും.
ഒരു ബാലറ്റ് യൂണിറ്റിൽ പരമാവധി 15 സ്ഥാനാർഥികളെ ഉൾപ്പെടുത്താം. 15-ൽ കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്ന പഞ്ചായത്തുകളിലും വാർഡുകളിലും രണ്ടാമത്തെ ബാലറ്റ് യൂണിറ്റ് സജ്ജീകരിക്കും. 16-മുതൽ സ്ഥാനാർഥികളുടെ വിവരങ്ങൾ അതിൽ ക്രമീകരിക്കും. വോട്ടിങ് യന്ത്രങ്ങളുടെ കാര്യക്ഷമത നിരീക്ഷിക്കാൻ ഈ തിരഞ്ഞെടുപ്പിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക ഇ.വി.എം സോഫ്റ്റ്‌വെയറും ഒരുക്കിയിട്ടുണ്ട്.

പോളിങ് സ്റ്റേഷനുകളിലേക്ക് ഉദ്യോഗസ്ഥരുടെ വിന്യാസം ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ പൂർത്തിയായിട്ടുണ്ട്. പോസ്റ്റിങ് ഓർഡറുകൾ ഡിസംബർ 6 മുതൽ ലഭ്യമാകും. റാൻഡമൈസേഷൻ നടപടികൾ എ.ഡി.എം സി. മുഹമ്മദ് റഫീഖ്, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഗോപിക ഉദയൻ, എച്ച്.എസ്.സി പി മണി എന്നിവർ മേൽനോട്ടം വഹിച്ചു.

Leave a Reply