You are currently viewing മകരവിളക്ക് തീര്‍ഥാടനം: വ്യൂ പോയിന്റുകളില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍

മകരവിളക്ക് തീര്‍ഥാടനം: വ്യൂ പോയിന്റുകളില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍

പത്തനംതിട്ട: ശബരിമല മകരജ്യോതി ദര്‍ശനത്തോടനുബന്ധിച്ച് തീര്‍ഥാടകര്‍ എത്തുന്ന വ്യൂ പോയിന്റുകളില്‍ സമഗ്ര സുരക്ഷ ഒരുക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു. മകരവിളക്കും തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അംഗീകൃതമല്ലാത്ത വ്യൂ പോയിന്റുകളില്‍ തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്നും, വ്യൂ പോയിന്റുകളിലും അപകട സാധ്യതയുള്ള വഴികളിലും സുരക്ഷാവേലി സ്ഥാപിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. അപകടകരമായി നിലകൊള്ളുന്ന മരച്ചില്ലകള്‍ മുറിച്ച് മാറ്റും. തിരുവാഭരണ ഘോഷയാത്രയ്ക്ക് ശക്തമായ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തും. പന്തളം ക്ഷേത്രത്തില്‍ പോലീസിന്റെ പ്രത്യേക നിരീക്ഷണം ഉണ്ടാകും. തിരുവാഭരണം കടന്നുപോകുന്ന സ്ഥലങ്ങളില്‍ വഴിവിളക്ക്, കുടിവെള്ളം, ബയോ ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്നും അറിയിച്ചു.

എക്‌സൈസ് പരിശോധന ശക്തമാക്കും.
മഫ്തിയിലും വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വിന്യാസം നടത്തും. വലിയാനവട്ടത്ത് നിന്ന് സന്നിധാനത്തേക്ക് തിരുവാഭരണ വാഹകര്‍ക്ക് തടസം കൂടാതെ കടന്നുപോകാന്‍ ക്രമീകരണമുണ്ടാകും. പോലീസ്–മോട്ടോര്‍വാഹന വകുപ്പ് സംയുക്തമായി ഗതാഗത നിയന്ത്രണം നടപ്പാക്കും. വ്യൂ പോയിന്റുകളില്‍ ദേവസ്വം ബോര്‍ഡിന്റെ അനൗണ്‍സ്മെന്റിലൂടെ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും.

വ്യൂ പോയിന്റുകളിലും ഘോഷയാത്ര സംഘത്തോടൊപ്പവും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ടീമുകളെ വിന്യസിക്കും. തിരുവാഭരണ ഘോഷയാത്ര ആരംഭിക്കുന്ന ജനുവരി 12ന് കുളനട ആരോഗ്യകേന്ദ്രം വൈകിട്ട് ആറുവരെയും, തിരുവാഭരണം കടന്നുപോകുന്ന ദിവസങ്ങളില്‍ ചെറുകോല്‍, കാഞ്ഞീറ്റുകര, വടശ്ശേരിക്കര, റാന്നി പെരുനാട് ആരോഗ്യകേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. അടിയന്തര സാഹചര്യം നേരിടാന്‍ സ്വകാര്യ ആശുപത്രികളും സജ്ജമാക്കും. മകരവിളക്ക് ദിനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.

തിരുവാഭരണ പാതയില്‍ എലിഫന്റ് സ്‌ക്വാഡുകളും റാപ്പിഡ് റെസ്‌പോണ്‍സ് ടീമും വനം വകുപ്പ് നിയോഗിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഇടത്താവളങ്ങളിലെ കടവുകള്‍ വൃത്തിയാക്കി അപായസൂചന ബോര്‍ഡുകള്‍ സ്ഥാപിക്കും. ലൈഫ് ഗാര്‍ഡുമാരെയും വിന്യസിക്കും.
മകരവിളക്കിനോടനുബന്ധിച്ച് നിലയ്ക്കല്‍–പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തും.

തിരുവാഭരണ ഘോഷയാത്ര ആരംഭിക്കുന്ന ദിവസം പന്തളത്തേക്കും അധിക സര്‍വീസുകള്‍ ഉണ്ടാകും. മകരദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന തീര്‍ഥാടകര്‍ക്കായി അധിക ദീര്‍ഘദൂര സര്‍വീസുകളും ക്രമീകരിക്കും. ഫയര്‍ഫോഴ്സ് സ്‌കൂബാ ടീം സജ്ജമാക്കും. മോട്ടോര്‍വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ അനധികൃത പാര്‍ക്കിങ് തടയും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി ജനുവരി ഏഴിന് വ്യൂ പോയിന്റുകളില്‍ സംയുക്ത സുരക്ഷാ യാത്ര സംഘടിപ്പിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
യോഗത്തില്‍ ശബരിമല എഡിഎം ഡോ. അരുണ്‍ എസ്. നായര്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആര്‍. രാജലക്ഷ്മി, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply