
പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ജില്ലയിൽ ഗതാഗത തിരക്ക് വർധിക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ, തീർത്ഥാടകരുടെയും പൊതുജനങ്ങളുടെയും സുരക്ഷ മുൻനിർത്തി ടിപ്പർ ലോറികൾക്ക് നിരോധനം ഏർപ്പെടുത്തി. ജനുവരി 13, 14, 15 തീയതികളിൽ എല്ലാ തരത്തിലുള്ള ടിപ്പർ ലോറികളും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളും പത്തനംതിട്ട ജില്ലയിലെ റോഡുകളിൽ സഞ്ചരിക്കുന്നത് നിരോധിച്ചുകൊണ്ട് ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ ഉത്തരവിറക്കി.

നിരോധനം കർശനമായി നടപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവിയും റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ (എൻഫോഴ്സ്മെന്റ്)വും നടപടികൾ സ്വീകരിക്കും. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമാനുസൃതമായി കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
മകരവിളക്ക് തീർത്ഥാടനകാലത്ത് ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് ഈ താൽക്കാലിക നിയന്ത്രണമെന്നു ജില്ലാ ഭരണകൂടം വ്യക്തമാക്കി.