
എറണാകുളം: അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടി തീർത്ഥാടനം ആരംഭിക്കുന്നതിന് മുന്നോടിയായി കുരിശുമുടി അടിവാരവും പരിസര പ്രദേശങ്ങളും വിപുലമായ രീതിയിൽ ശുചീകരിച്ചു.

മലയാറ്റൂർ മഹാ ഇടവകയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന “ക്ലീൻ മലയാറ്റൂർ പിൽഗ്രിം മലയാറ്റൂർ” പദ്ധതിയുടെ ഭാഗമായാണ് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.
ശുചീകരണ പ്രവർത്തനങ്ങൾ റോജി എം ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുരിശുമുടി വൈസ് റെക്ടർ ഫാ. ജോസ് ഒഴലക്കാട്ട് അധ്യക്ഷത വഹിച്ചു.
മലയാറ്റൂർ-നീലേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സലോമി ടോമി, ജില്ലാ പഞ്ചായത്തംഗം അൽഫോൻസ ഡേവീസ്, സെബിയൂർ പള്ളി വികാരി ഫാ. ഷെറിൻ പുത്തൻപുരയ്ക്കൽ, വിമലഗിരി പള്ളി വികാരി ഫാ. പോൾ പടയാട്ടി, ഇല്ലിത്തോട് പള്ളി വികാരി ഫാ. ജോൺസൺ വല്ലൂരാൻ, കുരിശുമുടി സ്പിരിച്ച്വൽ ഡയറക്ടർ ഫാ. ആൻറണി നടുവത്തുശേരി, മലയാറ്റൂർ സഹവികാരി ഫാ. ആൽബിൻ വെള്ളാഞ്ഞിയിൽ, കൈകാരന്മാർ, വൈസ് ചെയർമാൻമാർ, ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നോമ്പുകാലം ആരംഭിച്ചതോടെ ലക്ഷക്കണക്കിന് വിശ്വാസികൾ മലയാറ്റൂരിലേക്ക് തീർത്ഥാടനത്തിനായി എത്തുന്ന സാഹചര്യത്തിൽ അവരുടെ യാത്ര സുഗമമാക്കുന്നതിനായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. മലയാറ്റൂർ പള്ളുപേട്ട പാലം മുതൽ അടിവാരം വരെയുള്ള പ്രധാന റോഡുകളുടെ ഇരുവശങ്ങളും പദ്ധതിയുടെ ഭാഗമായി വൃത്തിയാക്കി.
ഫെബ്രുവരി 22 ന് രാവിലെ 7 മണിക്ക് ഔദ്യോഗിക മലകയറ്റത്തിന് തുടക്കമാകും.