You are currently viewing മാനാഞ്ചിറ–മലാപ്പറമ്പ് റോഡ് നിര്‍മാണം ജനുവരിയില്‍ പൂർത്തിയാക്കും: മന്ത്രി മുഹമ്മദ് റിയാസ്

മാനാഞ്ചിറ–മലാപ്പറമ്പ് റോഡ് നിര്‍മാണം ജനുവരിയില്‍ പൂർത്തിയാക്കും: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്:മാനാഞ്ചിറ–മലാപ്പറമ്പ് റോഡ് നിര്‍മാണം ജനുവരിയില്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യാനാകുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. നിലവില്‍ നിര്‍മാണം പുരോഗമിക്കുന്ന മാനാഞ്ചിറ–വെള്ളിമാടുകുന്ന് റോഡിലെ മാനാഞ്ചിറ മുതല്‍ മലാപ്പറമ്പ് വരെയുള്ള ഭാഗത്തെ നിർമ്മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ജലവകുപ്പും കെ.എസ്.ഇ.ബിയും ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് കണക്ഷന്‍ മാറ്റിസ്ഥാപിക്കല്‍, ക്രോസ് ഡക്ട് നിര്‍മാണം തുടങ്ങിയ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഡ്രെയിനേജ് പ്രവൃത്തി ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്നും ജനുവരി ആദ്യ ആഴ്ച ടാറിങ് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ആവശ്യമെങ്കില്‍ പോലീസുമായി ചര്‍ച്ച നടത്തി ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിര്‍മാണ സാമഗ്രികളുടെ ലഭ്യതക്കുറവ് ഉടന്‍ പരിഹരിച്ച് നിർമ്മാണം വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. പുരോഗതി വിലയിരുത്താന്‍ ഓരോ ആഴ്ചയും യോഗം ചേരാനും തീരുമാനമായി. അവലോകന യോഗത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, യു.എല്‍.സി.സി.എസ് ചെയര്‍മാന്‍ രമേശന്‍ പാലേരി, പൊതുമരാമത്ത്, ജലം, കെ.എസ്.ഇ.ബി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, കരാര്‍ കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply