You are currently viewing തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ അഗ്നിബാധ; ബൈക്കുകളും പാർക്കിങ് ഷെഡും കത്തി നശിച്ചു

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ അഗ്നിബാധ; ബൈക്കുകളും പാർക്കിങ് ഷെഡും കത്തി നശിച്ചു

തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ അഗ്നിബാധ. റെയിൽവേ സ്റ്റേഷന്റെ പിൻഭാഗത്തെ രണ്ടാം ഗേറ്റിനടുത്തുള്ള ബൈക്ക് പാർക്കിങ് ഏരിയയിലാണ് തീപിടിത്തം ഉണ്ടായത്. ഇവിടെ 600ലധികം ബൈക്കുകൾ പാർക്ക് ചെയ്തിരുന്നുവെന്നാണ് വിവരം. ആദ്യം രണ്ട് ബൈക്കുകൾക്ക് തീപിടിക്കുകയും തുടർന്ന് തീ വേഗത്തിൽ പടരുകയുമായിരുന്നു. നിരവധി ബൈക്കുകൾ പൂർണമായും കത്തി നശിച്ചു.

തീപിടിത്തം സമീപത്തെ മരത്തിലേക്കും പടർന്നതായി അധികൃതർ അറിയിച്ചു. രണ്ടാം ഗേറ്റിലെ ടിക്കറ്റ് കൗണ്ടർ പൂർണമായും കത്തി നശിച്ചു. നിർത്തിയിട്ടിരുന്ന ഇൻസ്പെക്ഷൻ വാഹനവും തീപിടിത്തത്തിൽ കത്തി നശിച്ചെങ്കിലും വാഹനം ഉടൻ മാറ്റിയതിനാൽ വലിയ അപകടം ഒഴിവായി.

തൃശ്ശൂർ, ഒല്ലൂർ എന്നിവിടങ്ങളിലെ അഗ്നിരക്ഷാ സേന യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. നിലവിൽ തീ അണച്ചെങ്കിലും പാർക്കിങ് ഷെഡ് പൂർണമായും കത്തി നശിച്ചു. തകര ഷീറ്റ് മേഞ്ഞ ഷെഡ് തീ ആളിപ്പടർന്നതിനെ തുടർന്ന് താഴേക്ക് അമർന്ന നിലയിലാണ്.
തീപിടിത്തം ഉണ്ടായ സമയത്ത് പാസഞ്ചർ ട്രെയിനുകൾ സ്റ്റേഷനിലേക്ക് എത്താതിരുന്നത് വലിയ അപകടം ഒഴിവാക്കാൻ സഹായകമായി.

സംഭവത്തിന്റെ പ്രഭവകേന്ദ്രം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായും ഫോറൻസിക് സംഘത്തെ ഉൾപ്പെടുത്തി വിശദമായ പരിശോധന നടത്തുമെന്നും റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണറോട് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് സംഭവത്തിൽ വിശദീകരണം തേടി. ഡിആർഎം തലത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട അദ്ദേഹം തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ തീപിടിത്തം അതീവ ഗൗരവത്തോടെ കാണണമെന്നും റെയിൽവേ അധികൃതരോട് നിർദേശിച്ചു.

Leave a Reply