
കൊട്ടാരക്കര: ജില്ലയിലെ അടിസ്ഥാന സൗകര്യ വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ വ്യക്തമാക്കി. കൊട്ടാരക്കരയിലെ വിവിധ വികസനപദ്ധതികളുടെ നിർമാണപുരോഗതി വിലയിരുത്തുന്നതിനിടെ അദ്ദേഹം പ്രസ്താവിച്ചു.
ഉമ്മന്നൂർ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം, മാറാംപാറ ടൂറിസം പദ്ധതി, പഴിഞ്ഞം–ഉമ്മന്നൂർ ഗ്രാമീണ റോഡ് തുടങ്ങിയ പദ്ധതികളാണ് മന്ത്രി അവലോകനം ചെയ്തത്.
1.5 കോടി രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉടൻ പൂർത്തിയാകുമെന്ന് അദ്ദേഹം അറിയിച്ചു. ആഭ്യന്തര ടൂറിസം വികസനത്തിനായി രൂപകൽപ്പന ചെയ്ത മാറാംപാറ ടൂറിസം പദ്ധതിക്ക് 70 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇക്കോ ടൂറിസം സൊസൈറ്റിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രദേശത്തെ ആയിരവല്ലിപ്പാറ, പൊങ്ങുംപാറ, മുട്ടറ–മരുതിമല തുടങ്ങിയ ഇക്കോ ടൂറിസം പദ്ധതികളും താമസമില്ലാതെ യാഥാർഥ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
2.5 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പഴിഞ്ഞം–ഉമ്മന്നൂർ റോഡ് വടവോട്, പഴിഞ്ഞം, ഉമ്മന്നൂർ വാർഡുകളെ ബന്ധിപ്പിക്കുന്നതോടെ പ്രദേശവാസികളുടെ യാത്രാക്ലേശം കുറയുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
