വയനാടിനും കോഴിക്കോടിനും ഇടയിൽ നിർമിക്കപ്പെടുന്ന തുരങ്കപാതയ്ക്ക് 2134 കോടി രൂപ ചെലവിടുമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് അറിയിച്ചു. ഓണസമ്മാനമായി പദ്ധതിയുടെ നിർമാണപ്രവർത്തനം ആരംഭിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പതിനൊന്നാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും വയനാട് ഇലന്ത് കടവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തുരങ്കപാത യാഥാർത്ഥ്യമായാൽ വയനാടും കോഴിക്കോടും തമ്മിലുള്ള ദൂരം ഗണ്യമായി കുറയും. അതുവഴി കർണാടകയിലേക്കുള്ള യാത്ര കൂടുതൽ സൗകര്യപ്രദമാകും, പ്രദേശം ഒരു പ്രധാന ടൂറിസം സർക്യൂട്ടായി മാറുകയും ചെയ്യും. നാടിന്റെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക മേഖലകളിലും വിപുലമായ മാറ്റത്തിന് തുരങ്കപാത വഴിയൊരുക്കും എന്നും മന്ത്രി ചേർത്തു.
