
മാനന്തവാടി: രണ്ടര മാസം മുൻപ് പ്രസവിച്ച യുവതിയുടെ ശരീരത്തിനുള്ളിൽ കോട്ടൺ തുണി അവശേഷിച്ചതായി കണ്ടെത്തിയ സംഭവത്തിൽ ആരോഗ്യ മന്ത്രി ഒ.ആർ. കേളു അന്വേഷണത്തിന് നിർദ്ദേശം നൽകി. ഒക്ടോബറിൽ സുഖപ്രസവം കഴിഞ്ഞ മാനന്തവാടി പാണ്ടിക്കടവ് സ്വദേശിനിയായ 21 വയസുകാരിയുടെ ശരീരത്തിനകത്ത് കോട്ടൺ തുണി പുറത്തെടുക്കാതെ വിട്ടുവെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.

സംഭവത്തിൽ വയനാട് മെഡിക്കൽ കോളേജിലെ സ്ത്രീരോഗ വിഭാഗത്തിലെ ഡോക്ടർക്കെതിരെയാണ് യുവതി പരാതി നൽകിയത്. മെഡിക്കൽ കോളേജിന്റെ ഭാഗത്ത് നിന്ന് ഗുരുതര ചികിത്സാ പിഴവുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം.
പ്രസവത്തിനു ശേഷം യുവതിക്ക് ശക്തമായ വേദനയും ദുർഗന്ധവും അനുഭവപ്പെട്ടതിനെ തുടർന്ന് പലതവണ ചികിത്സ തേടിയെങ്കിലും ശരീരത്തിനുള്ളിൽ തുണി അവശേഷിച്ചിരിക്കുന്നതായി കണ്ടെത്താനായില്ലെന്ന് കുടുംബം പറയുന്നു. ഒടുവിൽ 75 ദിവസങ്ങൾക്ക് ശേഷമാണ് യുവതിയുടെ ശരീരത്തിൽ നിന്നു കോട്ടൺ തുണി സ്വയം പുറത്തുവന്നതെന്ന് പരാതിയിൽ പറയുന്നു.
സംഭവം ഗൗരവമുള്ളതാണെന്നും ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.