
നെടുമങ്ങാട്: അമ്മയും രണ്ട് മക്കളും സഞ്ചരിച്ച സ്കൂട്ടറിൽ അമിതവേഗതയിലെത്തിയ കാർ ഇടിച്ച് ഉണ്ടായ അപകടത്തിൽ അമ്മയ്ക്ക് ദാരുണാന്ത്യം. ആനാട് താഴെ പുനവക്കുന്ന് റോഡരികത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഹസീന (40) ആണ് മരിച്ചത്. ഹസീനയുടെ മക്കളായ ഷംന (16), റംസാന (7) എന്നിവർക്ക് പരിക്കേറ്റു.

നെടുമങ്ങാടിന് സമീപം പഴകുറ്റിയിൽ ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്. മകൾ റംസാനയെ ആശുപത്രിയിൽ കാണിച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ച ശേഷം റോഡിലേക്ക് പ്രവേശിക്കുമ്പോൾ പാലോട് ഭാഗത്തുനിന്ന് അമിതവേഗതയിൽ എത്തിയ കാർ സ്കൂട്ടറിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഹസീനയും മക്കളും റോഡിലേക്ക് തെറിച്ചുവീണു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹസീനയുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ഷംനയുടെയും റംസാനയുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നതാണ് അപകടകാരണമെന്ന പ്രാഥമിക നിഗമനം. ഹസീനയുടെ ഭർത്താവ് ബാദുഷ വിദേശത്താണ്.