
കല്ലമ്പലം: പാരിപ്പള്ളി പുത്തൻകുളം കരിമ്പാലൂർ തലക്കുളം നിധിയിൽ അമ്മയും മകനും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിധിയിൽ പ്രേംജിയുടെ ഭാര്യ ലൈന (43)യും മകൻ പ്രണവ് (19)യും ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി 7.30ഓടെയാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് പാരിപ്പള്ളി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ രാവിലെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.
കടബാധ്യതയാകാം ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പ് ഒന്നും കണ്ടെത്തിയിട്ടില്ലെന്നും, ഇരുവരുടെയും മൊബൈൽ ഫോണുകൾ പരിശോധിച്ചെങ്കിലും സംശയാസ്പദമായ വിവരങ്ങളൊന്നും ലഭിച്ചില്ലെന്നും പാരിപ്പള്ളി എസ്.ഐ നിരഞ്ജൻ അറിയിച്ചു. അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടരുകയാണ്.
സംഭവസമയത്ത് ലൈനയും പ്രണവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ലൈനയുടെ ഭർത്താവ് പ്രേംജി വിദേശത്താണ്. പ്രണവ് പാരിപ്പള്ളി യു.കെ.എഫ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ്. ഏക സഹോദരൻ പ്രജിത്ത് എറണാകുളത്ത് താമസിച്ച് പഠിക്കുകയാണ്.