
കൊല്ലം:ദേശീയപാത നിർമ്മാണത്തിനിടെ മൈലക്കാട് പ്രദേശത്ത് റോഡ് തകർന്നതിനെ തുടർന്ന് ജനങ്ങൾക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കലക്ടറുമായ എൻ. ദേവീദാസ് അറിയിച്ചു. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും നിർമാണ കമ്പനി പ്രതിനിധികളും പങ്കെടുത്ത യോഗത്തിനുശേഷമാണ് നിർണ്ണായക തീരുമാനം കൈക്കൊണ്ടത്.
കുടിവെള്ളം ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് ജല അതോറിറ്റി തുടക്കം കുറിച്ചു. തകർന്ന പ്രദേശത്തെ പാനലുകൾ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണെന്നും കലക്ടർ അറിയിച്ചു. വലത് സർവീസ് റോഡിലൂടെ ഡിസംബർ 7 മുതൽ പൂർണ ഗതാഗതവും, ഡിസംബർ 8ന് ഉച്ചയോടെ ഇടത് റോഡിലൂടെ ചെറിയ വാഹനങ്ങൾ പോകുന്നതിനും സൗകര്യമൊരുക്കുമെന്നും അറിയിച്ചു.
തകർന്ന കെ.എസ്.ഇ.ബി ഭൂഗർഭ കേബിളുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള റിപ്പോർട്ട് സമർപ്പിച്ച ഉടൻ പണി ആരംഭിക്കും. ഗതാഗത നിയന്ത്രണത്തിന് ഹോംഗാർഡുകളും മറ്റു സന്നദ്ധ പ്രവർത്തകരും വിന്യസിക്കും.
നിർമാണവുമായി ബന്ധപ്പെട്ട് ദേശീയപാത വിഭാഗം നടത്തിയ പരിശോധനകളുടെ വിവരങ്ങൾ അടിയന്തരമായി സമർപ്പിക്കണമെന്ന് കലക്ടർ നിർദ്ദേശിച്ചു. സമാന അപകട സാധ്യതയുള്ള കൊട്ടിയം, മേവറം, പറക്കുളം, കടവൂർ തുടങ്ങിയ പ്രദേശങ്ങളിൽ ഭൂജല വകുപ്പ്, പൊതുമരാമത്ത് ദേശീയപാത വിഭാഗം, നിരത്ത് വിഭാഗം എന്നിവ ചേർന്ന് സംയുക്ത പരിശോധന നടത്തി റിപ്പോർട്ട് നൽകണമെന്നും നിർദേശം നൽകി.
അപകടത്തിന്റെ അടിസ്ഥാനകാരണം കണ്ടെത്താൻ ദേശീയപാത വിഭാഗം ശാസ്ത്രീയ പരിശോധന നടത്തണമെന്നും കലക്ടർ വ്യക്തമാക്കി.
യോഗത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി സി.ഇ.ഒ.യും എ.ഡി.എം.യുമായ ജി. നിർമ്മൽ കുമാർ, ദേശീയപാത നിർമാണ വിഭാഗം പ്രതിനിധികൾ, കരാർ കമ്പനി അധികൃതർ, ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
—
