
ഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അത്താഴവിരുന്നിലേക്ക് നീലംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. വിനയചന്ദ്രന് ക്ഷണം ലഭിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ വിജയിച്ച കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ബിജെപി ജനപ്രതിനിധികളെയാണ് പ്രധാനമന്ത്രി പ്രത്യേകമായി ക്ഷണിച്ചിരിക്കുന്നത്.

ഫെബ്രുവരി 12-നാണ് പ്രധാനമന്ത്രിയോടൊപ്പം അത്താഴവിരുന്ന് സംഘടിപ്പിക്കുന്നത്. ഈ അവസരത്തിൽ ജനപ്രതിനിധികളുമായി പ്രധാനമന്ത്രി ആശയവിനിമയവും ചർച്ചയും നടത്തും. കുട്ടനാട്ടിൽ ആദ്യമായി ഒരു ഗ്രാമപഞ്ചായത്ത് ഭരണം ബിജെപി നേടിയതിന്റെ പശ്ചാത്തലത്തിലാണ് നീലംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് ഈ ക്ഷണം ലഭിച്ചിരിക്കുന്നത്.
ആർ. വിനയചന്ദ്രൻ ഇന്ന് ഡൽഹിയിലേക്ക് യാത്രതിരിച്ചു. അഞ്ച് ദിവസം നീളുന്ന ഡൽഹി സന്ദർശനത്തിന്റെ ഭാഗമായി പാർലമെന്റ് സന്ദർശനം ഉൾപ്പെടെ വിവിധ പരിപാടികൾ കേരളത്തിൽ നിന്നുള്ള സംഘത്തിനായി ക്രമീകരിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കുട്ടനാട് മേഖലയിലെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായമായി വിലയിരുത്തപ്പെടുന്ന നീലംപേരൂർ പഞ്ചായത്ത് വിജയം ദേശീയ തലത്തിൽ ശ്രദ്ധ നേടുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ക്ഷണം എത്തിയിരിക്കുന്നത്.