
തിരുവനന്തപുരം: നേമം മണ്ഡലത്തിലെ വികസന നേട്ടങ്ങളെക്കുറിച്ച് തുറന്ന സംവാദത്തിന് ക്ഷണിച്ച മന്ത്രി വി ശിവൻകുട്ടിയുടെ വെല്ലുവിളിയിൽ നിന്ന് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ആരോപണം ഉയർന്നു. സംവാദത്തിന് താൻ തയ്യാറാണെന്ന് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചെങ്കിലും, അത് ആദ്യം മുഖ്യമന്ത്രിയുമായിരിക്കണമെന്ന നിബന്ധന മുന്നോട്ടുവെച്ചതാണ് വിവാദത്തിന് ഇടയായത്.

പത്തുവർഷമായി കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയാണ് തീയതിയും സ്ഥലവും തീരുമാനിക്കേണ്ടതെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. നേമം മണ്ഡലത്തിൽ വികസനം ഉണ്ടായിട്ടില്ലെന്ന ബിജെപി ആരോപണത്തിന് മറുപടിയായാണ് വി ശിവൻകുട്ടി ഫേസ്ബുക്കിലൂടെ തുറന്ന സംവാദത്തിന് ക്ഷണിച്ചത്.
ഈ മാസം 29-ന് രാവിലെ മുതൽ ഉച്ചവരെ പൂജപ്പുരയിൽ താൻ ഉണ്ടാകുമെന്നും അവിടെ എത്തി സംവാദത്തിൽ പങ്കെടുക്കാമെന്നും ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. ഏത് തീയതിയും സമയവും തനിക്ക് അനുകൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2016-ലെ ബിജെപി എംഎൽഎയുടെ കാലത്തെ വികസന പ്രവർത്തനങ്ങളും 2021-ന് ശേഷം എൽഡിഎഫ് സർക്കാർ നടപ്പാക്കിയ പദ്ധതികളും തമ്മിൽ താരതമ്യം ചെയ്ത് ജനങ്ങൾ തന്നെ വിലയിരുത്തട്ടെയെന്നാണ് ശിവൻകുട്ടിയുടെ നിലപാട്. വിദ്യാഭ്യാസ മേഖലയുൾപ്പെടെ നേമം മണ്ഡലത്തിൽ ഗണ്യമായ പുരോഗതി കൈവരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള സന്ദർശനത്തിലുള്ള ദിവസത്തിലാണ് സംവാദത്തിന് ക്ഷണിച്ചതെന്നും അന്ന് പങ്കെടുക്കാൻ സാധിക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു. വികസന വിഷയങ്ങളിൽ മറുപടി നൽകുന്നതിന് പകരം നിബന്ധനകൾ മുന്നോട്ടുവെച്ച് ഒഴിഞ്ഞുമാറാനുള്ള ശ്രമമാണിതെന്ന് എൽഡിഎഫ് വൃത്തങ്ങൾ ആരോപിച്ചു