
കൊല്ലം: ചവറയിലെ ബി.ജെ.എം ഗവൺമെൻറ് കോളേജിൽ കിഫ്ബി ഫണ്ടില്‍ നിന്ന് അനുവദിച്ച 8 കോടി രൂപ വിനിയോഗിച്ച് നിര്‍മിച്ച പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനവും 2 കോടി രൂപ എസ്റ്റിമേറ്റുള്ള കോളേജ് ഗ്രൗണ്ടിന്റെ നിര്‍മാണ ഉദ്ഘാടനവും ആർ ബിന്ദു നിര്‍വഹിച്ചു.

പുതിയ നാല് നില കെട്ടിടത്തില്‍ ക്ലാസ് മുറികള്‍, ലൈബ്രറി, ലബോറട്ടറികള്‍ എന്നിവ ഉള്‍പ്പെടെ വിവിധ ആധുനിക സൗകര്യങ്ങളോടുകൂടിയ അക്കാദമിക് ബ്ലോക്ക് സജ്ജീകരിച്ചിരിക്കുകയാണ്.
1981-ല്‍ ചവറ ഗേള്‍സ് സ്കൂളിന്റെ കെട്ടിടത്തില്‍ ആരംഭിച്ച കോളേജ് ഇന്ന് അക്കാദമിക് രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചിരിക്കുകയാണ്. നിലവില്‍ എട്ട് യു.ജി. കോഴ്സുകളും മൂന്ന് പി.ജി. കോഴ്സുകളും ഒരു പി.എച്ച്.ഡി. കോഴ്സും കോളേജില്‍ നടക്കുന്നു. കൂടാതെ സെൻറർ ഫോർ കണ്ടിന്യൂയിങ് എജുക്കേഷൻ കേരള(സി.സി.ഇ.കെ) യുടെ സബ് സെന്ററായി തൊഴിലധിഷ്ഠിത കോഴ്സുകളും നടന്നു വരുന്നു.
ഡിഗ്രിയും പി.ജി. പരീക്ഷകളിലും തുടര്‍ച്ചയായി റാങ്കുകള്‍ നേടുന്ന സര്‍ക്കാര്‍ കോളേജുകളിലൊന്നായി സ്ഥാപനത്തിന്‍റെ പ്രതിഷ്ഠ ഉയര്‍ന്നിട്ടുണ്ട്.
ഇതോടൊപ്പം എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിച്ച 65 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച മറ്റൊരു കെട്ടിടവും ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥിനികള്‍ക്കായി 6.5 കോടി രൂപ ചെലവില്‍ ലേഡീസ് ഹോസ്റ്റലും, 1.57 കോടി രൂപ ചെലവില്‍ ചുറ്റുമതിലും ഗേറ്റും നിര്‍മിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്.
സുജിത്ത് വിജയൻ പിള്ള എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന യോഗത്തില്‍ തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയശ്രീ മംഗളന്‍, വൈസ് പ്രസിഡന്റ് വിജി.ആര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബി. ശശികുമാര്‍, ചവറ ഗ്രാമപഞ്ചായത്തംഗം ജി. ഉണ്ണികൃഷ്ണന്‍, പി.ടി.എ വൈസ് പ്രസിഡന്റ് സി. ഉണ്ണികൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ഡോ. ജോളി ബോസ്.ആര്‍, കിറ്റ്കോ എം.ഡി. രാജേഷ്, അധ്യാപകരായ ഡോ. വി. അനില്‍പ്രസാദ്, ജലീല്‍ ഖാന്‍, സി.പി.ഐ(എം) നേതാക്കളായ ആര്‍. രവീന്ദ്രന്‍, സുരേന്ദ്രന്‍പിള്ള, പ്രശാന്തന്‍, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ശ്രീനാഥ്, ജില്ലാ സെക്രട്ടറി ശ്യാംമോഹന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ജി. ഗോവിന്ദ്, ഡോ. പി. ലൈജു, പൂര്‍വ്വവിദ്യാര്‍ഥികളുടെ കൂട്ടായ്മ സെക്രട്ടറി ജയകുമാര്‍, ശങ്കരനാരായണപിള്ള, അന്‍സാദ് അബ്ബാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികളുടെ കലാവിരുന്നും സംഘടിപ്പിച്ചു.