You are currently viewing കെ.എം.എം.എല്ലിൽ പുതിയ കെട്ടിട സമുച്ചയങ്ങൾ ഉദ്ഘാടനം ചെയ്തു

കെ.എം.എം.എല്ലിൽ പുതിയ കെട്ടിട സമുച്ചയങ്ങൾ ഉദ്ഘാടനം ചെയ്തു

കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെ.എം.എം.എൽ)യിൽ പുതുതായി നിർമ്മിച്ച കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനം ബഹു. നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. ബഹു. ചവറ എം.എൽ.എ. ഡോ. സുജിത്ത് വിജയൻപിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ, കമ്പനിയുടെ 2024–25 സാമ്പത്തിക വർഷത്തെ 4.64 കോടി രൂപയുടെ ലാഭവിഹിതം കെ.എം.എം.എൽ മാനേജിംഗ് ഡയറക്ടർ പി. പ്രദീപ്കുമാറിൽ നിന്നും മന്ത്രി പി. രാജീവ് ഏറ്റുവാങ്ങി.

പഞ്ചായത്തിലെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി കെ.എം.എം.എൽ നൽകുന്ന പുതിയ ആംബുലൻസിന്റെ താക്കോൽ ഡോ. സുജിത്ത് വിജയൻപിള്ള പന്മന ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ചെറിയാൻ ജോർജ്ജിന് കൈമാറി.

2.5 കോടി രൂപ ചെലവിലാണ് കെ.എം.എം.എൽ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കായി അത്യാധുനിക കെട്ടിടം ഒരുക്കിയത്. 6,450 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിൽ ഹൈപ്പർ മാർക്കറ്റ്, ഓഫീസ്, ഡ്രൈ & വെറ്റ് സ്റ്റോർ റൂമുകൾ, കോൺഫറൻസ് റൂം, ടോയ്ലറ്റ് ബ്ലോക്കുകൾ തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾക്കും സൊസൈറ്റിയുടെ സേവനം ലഭ്യമാക്കുന്ന തരത്തിൽ പ്രവർത്തനം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.

ഇതിനുമുമ്പ് ഷീറ്റ് പാകിയ പരിമിത സൗകര്യങ്ങളുള്ള കെട്ടിടത്തിലാണ് സൊസൈറ്റി പ്രവർത്തിച്ചിരുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി പഴയ കവാടവും പാർക്കിംഗ് ഏരിയയും നഷ്ടപ്പെട്ടതും, റോഡിനോട് ചേർന്നുള്ള സ്ഥലം ആയതിനാൽ ഹൈപ്പർ മാർക്കറ്റിലെ സാധനങ്ങൾ പൊടിപിടിക്കുന്ന സാഹചര്യമുണ്ടായതും പുതിയ കെട്ടിട നിർമാണത്തിന് ആക്കം കൂട്ടി.

3,160 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 1.5 കോടി രൂപ ചെലവിൽ ടൈറ്റാനിയം എംപ്ലോയീസ് റിക്രിയേഷൻ ക്ലബ്ബിന് (ടെർക്) പുതിയ കെട്ടിടവും നിർമ്മിച്ചു. മീറ്റിംഗ് റൂം, ലൈബ്രറി, റീഡിംഗ് റൂം, ടി.വി. റൂം, ഓഫീസ്, കാരംസ് & ചെസ്സ് ഏരിയ, സെക്യൂരിറ്റി റൂം, പാൻട്രി & ഡൈനിംഗ് ഏരിയ, ടോയ്ലറ്റ് ബ്ലോക്കുകൾ എന്നിവ ഉൾപ്പെട്ട പുതിയ കെട്ടിടം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും. കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായിരുന്ന പഴയ കെട്ടിടത്തിന് പകരമാണ് ഇത് നിർമ്മിച്ചത്. 2022 മാർച്ചിലാണ് പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

കമ്പനിയുടെ 2024–25 സാമ്പത്തിക വർഷത്തെ 4.64 കോടി രൂപയാണ് സർക്കാരിലേക്ക് ലാഭവിഹിതമായി നൽകിയത്. 2021–22ൽ 9.3 കോടിയും, 2022–23, 2023–24 വർഷങ്ങളിൽ 6.2 കോടി രൂപ വീതവും കെ.എം.എം.എൽ സർക്കാരിന് കൈമാറിയിരുന്നു.

സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി 7.9 ലക്ഷം രൂപ ചെലവിലാണ് പന്മന പഞ്ചായത്തിലെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി പുതിയ ആംബുലൻസ് വാങ്ങി നൽകിയത്. ഇതിനുമുമ്പ് നൽകിയ ആംബുലൻസിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് പഞ്ചായത്ത് പുതിയ ആംബുലൻസിനായി കമ്പനിയെ സമീപിച്ചിരുന്നു.

ഇതിനുപുറമെ, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയും കെ.എം.എം.എല്ലും സഹകരിച്ച് ആരംഭിക്കുന്ന മെഡിക്കൽ ടെസ്റ്റ് ലാബ് കളക്ഷൻ സെന്ററിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട അനുമതിപത്രവും ചടങ്ങിൽ കൈമാറി.

Leave a Reply