You are currently viewing കുണ്ടറ താലൂക്ക് ആശുപത്രിയില്‍ പുതിയ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം തുടങ്ങി

കുണ്ടറ താലൂക്ക് ആശുപത്രിയില്‍ പുതിയ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം തുടങ്ങി

രാജ്യത്ത് സൗജന്യചികിത്സയ്ക്ക് ഏറ്റവുമധികം പണംചിലവഴിക്കുന്ന സംസ്ഥാനം കേരളമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുണ്ടറ താലൂക്ക് ആശുപത്രിയില്‍ പുതിയ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകള്‍ ആര്‍ദ്രം പദ്ധതി വഴി സ്ഥാപിക്കുകയാണ്. 97 ആശുപത്രികളില്‍ യാഥാര്‍ത്ഥ്യമാക്കി. 1.5 കോടി രൂപയ്ക്കാണ് കുണ്ടറ താലൂക്ക് ആശുപത്രിയില്‍ യൂണിറ്റ് സ്ഥാപിച്ചത്.

കേരളത്തിന്റെ വര്‍ത്തമാന-ഭാവികാല ആവശ്യങ്ങള്‍ മുന്നില്‍ക്കണ്ടുള്ള വികസനമാണ് ആരോഗ്യമേഖലയില്‍ നടക്കുന്നത്. സ്വകാര്യമേഖലയില്‍മാത്രം ലഭ്യമായിരുന്നസൗകര്യങ്ങള്‍ നിലവില്‍ ജില്ല-താലൂക്ക്തല ആശുപത്രികളിലും ലഭ്യമാണ്. 14 ജില്ലകളിലും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കുകയാണ്.

ജില്ലാ ആശുപത്രിയില്‍ ഹൃദ്രോഗവിഭാഗം മികച്ചനിലയില്‍ പ്രവര്‍ത്തിക്കുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പുതിയകെട്ടിടത്തിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും. ജില്ലാ ആശുപത്രി, സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രി, കൊട്ടാരക്കര, ശാസ്താംകോട്ട എന്നിവിടങ്ങളിലെ സര്‍ക്കാര്‍ അശുപത്രികളിലെ നിര്‍മാണ പ്രവര്‍ത്തികളും സമയബന്ധിതമായി തീര്‍ക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കുണ്ടറ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ 72 ലക്ഷം രൂപ ചിലവഴിച്ച് ചിറ്റുമല ബ്ലോക്ക് പഞ്ചായത്താണ് പൂര്‍ത്തിയാക്കിയത്. ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറേറ്റില്‍ നിന്നും അനുവദിച്ച 79,61,070 രൂപ വിനിയോഗിച്ച് ഏഴ് ഡയാലിസിസ് മെഷീനുകള്‍ ലഭ്യമാക്കി. ഒരേ സമയം ഏഴ് രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
പി സി വിഷ്ണുനാഥ് എം.എല്‍.എ അധ്യക്ഷനായി.

Leave a Reply