You are currently viewing ചെങ്ങന്നൂരിൽ പുതിയ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ: നിർമ്മാണോദ്ഘാടനം നാളെ
എഐ നിർമ്മിത പ്രതീകാത്മക ചിത്രം

ചെങ്ങന്നൂരിൽ പുതിയ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ: നിർമ്മാണോദ്ഘാടനം നാളെ

ചെങ്ങന്നൂർ: പുതിയ ബസ് ടെർമിനൽ നിർമ്മിക്കണമെന്ന ചെങ്ങന്നൂരിലെ ജനങ്ങളുടെ ചിരകാലാഭിലാഷം ഇപ്പോൾ സാധ്യമാവുകയാണ്.ബഹു.ഫിഷറീസ് സാംസ്‌കാരിക യുവജനകാര്യവകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ്റെ നിർദ്ദേശ പ്രകാരം സംസ്ഥാന ബഡ്‌ജറ്റിൽ നിന്നും അനുവദിച്ച 9.50 കോടി രൂപയും എംഎൽഎ യുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 2 കോടി രൂപയും ഉൾപ്പടെ11.5 കോടി രൂപ വിനിയോഗിച്ച് ചെങ്ങന്നൂർ പുതിയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ടെർമിനൽ നിർമ്മിക്കുകയാണ്.1965ൽ കെ.എസ്.ആർ.ടി.സി യുടെ പേരിൽ പണികഴിപ്പിച്ച 61 വർഷം പഴക്കമുള്ള കെട്ടിടത്തിലാണ് ചെങ്ങന്നൂർ ബസ്സ്റ്റേഷൻ പ്രവർത്തിച്ചുവന്നത്.

പൊതുമരാമത്ത് വകുപ്പിന്റെ ആർകിടെക്‌ചർ വിഭാഗം രൂപകൽപ്പന തയ്യാറാക്കിയിരിക്കുന്ന ഈ പദ്ധതിയിൽ രണ്ട് ബ്ലോക്കുകളായി നിർമ്മിക്കുന്ന ബസ് സ്റ്റേഷൻ അണ്ടർഗ്രൗണ്ട് ഉൾപ്പെടെ നാല് നിലകളിലായിരിക്കും. റിസർവേഷൻ മുറികൾ, ശീതീകരിച്ച വിശാലമായ കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഭിന്നശേഷി സൗഹൃദ സൗകര്യങ്ങൾ, വനിതാ വിശ്രമ മുറികൾ, പോലീസ് എയ്ഡ് പോസ്റ്റ്, ജീവനക്കാർക്കായി പ്രത്യേക ഓഫീസ് സൗകര്യങ്ങൾ, മെഡിക്കൽ റൂം, വനിതകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശുചിമുറികൾ, 50-ൽ അധികം ബെഡുകളോടുകൂടിയ വിശ്രമമുറികൾ, വ്യാപാര കേന്ദ്രങ്ങൾ, കഫറ്റീരിയ, ഇലക്ട്രിക്കൽ റൂം, ക്ലോക്ക് റൂം, ലോജിസ്റ്റിക് റൂം തുടങ്ങി വിവിധ സൗകര്യങ്ങളാണ് പുതിയ കെട്ടിട സമുച്ചയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പുതിയ ബസ് ടെർമിനലിന്റെ നിർമ്മാണോദ്ഘാടനം 2026 ഫെബ്രുവരി 25-ന് ബുധനാഴ്ച വൈകിട്ട് 5 മണിക്ക് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ നിർവഹിക്കും.

Leave a Reply