You are currently viewing മഞ്ഞൾ കൃഷിക്ക് കരുത്തേകാൻ കൃഷി വകുപ്പിന്റെ പുതിയ നീക്കം

മഞ്ഞൾ കൃഷിക്ക് കരുത്തേകാൻ കൃഷി വകുപ്പിന്റെ പുതിയ നീക്കം

കേരളത്തിൽ മഞ്ഞൾ കൃഷി കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും മഞ്ഞൾ കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിനുമായി കൃഷി വകുപ്പ് പുതിയ സംവിധാനങ്ങൾ ഒരുക്കുന്നു. ഇടനിലക്കാരില്ലാതെ കാര്യക്ഷമമായി മഞ്ഞൾ സംഭരിക്കുന്നതിലൂടെ കർഷകർക്ക് ന്യായമായ വില ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഇതിന്റെ ഭാഗമായി, മഞ്ഞൾ അനുബന്ധ വ്യവസായ മേഖലയിലെ പ്രമുഖ സ്ഥാപനമായ സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികളുമായി കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് എറണാകുളം ഗസ്റ്റ് ഹൗസിൽ ചർച്ച നടത്തി.
ഉയർന്ന ഗുണനിലവാരമുള്ള മഞ്ഞൾ ഉത്പാദിപ്പിക്കുകയും കൃഷിയിടങ്ങളിൽ നിന്നു നേരിട്ട് സംഭരിക്കുകയും ചെയ്യുന്നതിലൂടെ കർഷകർക്ക് മികച്ച വില ലഭ്യമാക്കാനാകുമെന്ന് മന്ത്രി വ്യക്തമാക്കി. ഗുണമേന്മയുള്ള മഞ്ഞൾ ഉത്പാദനത്തിനായി കർഷകർക്ക് ആവശ്യമായ പരിശീലനം കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നൽകുമെന്നും, ഉത്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.

മഞ്ഞളിലെ കുർക്കുമിന്റെ അളവിനും ഗുണനിലവാരത്തിനും അനുസരിച്ച് കർഷകർക്ക് ഉയർന്ന വില നൽകാൻ സാധിക്കുമെന്ന് സിന്തൈറ്റ് പ്രതിനിധികൾ അറിയിച്ചു. ഇതിലൂടെ ഗുണമേന്മയുള്ള ഉത്പാദനം കർഷകർക്ക് കൂടുതൽ പ്രോത്സാഹനമാകുമെന്നും അവർ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഗുണമേന്മയുള്ള വിത്തുകൾ വിതരണം ചെയ്യുകയും, ഫാർമർ പ്രൊഡ്യൂസിങ് ഓർഗനൈസേഷനുകൾ (എഫ് പി ഓ) വഴി മഞ്ഞൾ സംഭരിക്കുകയും ചെയ്യും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

കേര( ക്ലൈമറ്റ് റെസിലിയൻസ് ആൻഡ് അഗ്രി വാല്യൂ ചെയിൻ മോഡേണൈസേഷൻ)പദ്ധതിയുമായി ബന്ധിപ്പിച്ചുള്ള ഉത്പാദന സഖ്യം വഴിയാണ് പദ്ധതി പ്രവർത്തികമാക്കുന്നത്.
ചർച്ചയിൽ സിന്തൈറ്റ് പ്രതിനിധികളായ സുനിൽ, ഏലിയാസ്, സംസ്ഥാന വില നിർണയ ബോർഡ് ചെയർമാൻ ഡോ. പി. രാജശേഖരൻ, അഡീഷണൽ ഡയറക്ടർമാരായ മീന ടി. ഡി., രാജേഷ് കുമാർ എം. ഒ., ജില്ലാ കൃഷി ഓഫീസർമാരായ സഞ്ജു സൂസൻ മാത്യു, നിംബ ഫ്രാങ്കോ ഇ. എഫ്., ബീന എസ്., ഡെപ്യൂട്ടി ഡയറക്ടർമാർ, അസിസ്റ്റന്റ് ഡയറക്ടർമാർ എന്നിവർ പങ്കെടുത്തു.

Leave a Reply