You are currently viewing കല്ലറയിൽ ഇനി പുതിയ പൊലീസ് സ്റ്റേഷൻ; ഉദ്ഘാടനം ഇന്ന്

കല്ലറയിൽ ഇനി പുതിയ പൊലീസ് സ്റ്റേഷൻ; ഉദ്ഘാടനം ഇന്ന്

കല്ലറ: കല്ലറയിൽ പുതുതായി നിർമിച്ച പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം ഇന്ന് (ശനിയാഴ്ച, ജനുവരി 24) രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. കളമ്പുകാട് പൊലീസ് സ്റ്റേഷൻ പരിസരത്ത് നടക്കുന്ന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിക്കും. സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ മുഖ്യപ്രഭാഷണം നടത്തും. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യാതിഥിയായി പങ്കെടുക്കും.

പുതിയ പൊലീസ് സ്റ്റേഷനുവേണ്ടി കല്ലറ പഞ്ചായത്ത് 30 സെന്റ് സ്ഥലവും 2,250 ചതുരശ്രയടിയുള്ള രണ്ടുനില കെട്ടിടവും ആഭ്യന്തരവകുപ്പിന് വിട്ടുനൽകിയിരുന്നു. കല്ലറ പഞ്ചായത്തിന്റെ 2019–2020 പ്ലാൻ ഫണ്ടിൽനിന്നുള്ള 33.66 ലക്ഷം രൂപ വിനിയോഗിച്ചാണ് ഈ കെട്ടിടം നിർമിച്ചത്.
തുടർന്നു ഒരു നിലയും പോർച്ച് അടക്കമുള്ള സൗകര്യങ്ങളുമായി 1,500 ചതുരശ്രയടി കൂടി ചേർത്ത് കെട്ടിടം വിപുലീകരിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർ, സബ് ഇൻസ്പെക്ടർ എന്നിവർക്കുള്ള മുറികൾ, ഓഫീസ് മുറികൾ, വിശ്രമമുറി, ലോക്കപ്പ്, തൊണ്ടിമുതൽ സൂക്ഷിക്കുന്നതിനുള്ള മുറി, ശൗചാലയങ്ങൾ എന്നിവ ഉൾപ്പെടെ ആധുനിക സൗകര്യങ്ങൾ സ്റ്റേഷനിൽ സജ്ജമാക്കിയിട്ടുണ്ട്.

കെട്ടിടം വിപുലീകരിക്കുന്നതിനും സ്റ്റേഷനിലെ അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി സി.കെ. ആശ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 36.50 ലക്ഷം രൂപ അനുവദിച്ചതായും അധികൃതർ അറിയിച്ചു.

Leave a Reply