ഇടുക്കി: ഇടുക്കി മണിയാറൻകുടിയിൽ വീട്ടിൽ പ്രസവത്തിനിടെ നവജാത ശിശു മരണപ്പെട്ടു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
പാസ്റ്റർ ജോൺസന്റെയും ഭാര്യ ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. മതവിശ്വാസത്തിന്റെ ഭാഗമായി ആശുപത്രിയിൽ പോകാതെ വീട്ടിൽ തന്നെയാണ് പ്രസവം നടത്തിയത്. ഇവർക്കു മുൻപ് മൂന്ന് മക്കളുണ്ട്. പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയിൽ പോകാൻ തയ്യാറായില്ലെന്ന് പൊലീസ് അറിയിച്ചു.
തിരുവല്ലയിൽ ജോലി ചെയ്യുന്ന ജോൺസൺ കുടുംബം ഏതാനും മാസങ്ങൾ മുൻപ് മണിയാറൻകുടിയിൽ വാടകയ്ക്ക് താമസം ആരംഭിച്ചതാണ്. കുഞ്ഞ് മരിച്ചതോടെ ആരോഗ്യ വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി ആശുപത്രിയിൽ പോകാൻ നിർബന്ധിച്ചെങ്കിലും കുടുംബം ആദ്യം സമ്മതിച്ചില്ല. പിന്നീട് പൊലീസിന്റെ സഹായത്തോടെയാണ് യുവതിയെ ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
അസ്വാഭാവിക മരണത്തിന് ഇടുക്കി പൊലീസ് കേസ് എടുത്തിട്ടുണ്ട്. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടത്തിന് ശേഷമായിരിക്കും കേസിലെ വകുപ്പുകളിൽ മാറ്റം ആവശ്യമുണ്ടോ എന്ന് തീരുമാനിക്കുക.
