You are currently viewing എൻഎച്ച് 744 നാലുവരിയായി തന്നെ വികസിപ്പിക്കണം;10 മീറ്റർ റോഡ് നിർദ്ദേശം അംഗീകരിക്കാനാവില്ല: കൊടിക്കുന്നിൽ സുരേഷ് എംപി

എൻഎച്ച് 744 നാലുവരിയായി തന്നെ വികസിപ്പിക്കണം;10 മീറ്റർ റോഡ് നിർദ്ദേശം അംഗീകരിക്കാനാവില്ല: കൊടിക്കുന്നിൽ സുരേഷ് എംപി

കൊല്ലം ചിന്നക്കട മുതൽ പുനലൂർ–ഇടമൺ വരെ നീളുന്ന ദേശീയപാത 744 നാലുവരിയായി തന്നെ വികസിപ്പിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് വിരുദ്ധമായി സംസ്ഥാന സർക്കാരിന്റെ 10 മീറ്റർ റോഡ് നിർദ്ദേശം അംഗീകരിക്കാനാവില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. ദേശീയപാത എന്ന നിലയിൽ വികസിപ്പിക്കേണ്ട പ്രധാന ഗതാഗതധമനിയെ ഭാവിയില്ലാത്ത ഇടുങ്ങിയ റോഡായി ചുരുക്കാനുള്ള നീക്കം ഗുരുതരമായ വികസനവഞ്ചനയാണെന്നും അദ്ദേഹം വിമർശിച്ചു.

കേരളത്തിന്റെയും തമിഴ്നാടിന്റെയും കിഴക്കൻ മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് എൻഎച്ച് 744. കൊല്ലം തുറമുഖം, വ്യവസായ മേഖലകൾ, പുനലൂർ–ആര്യങ്കാവ്–തിരുമംഗലം പാത, ശബരിമല തീർത്ഥാടന ഗതാഗതം തുടങ്ങിയവയ്ക്ക് നിർണായകമായ ഈ റോഡ് ഭാവിയിലെ ഗതാഗത ആവശ്യങ്ങൾ മുൻകൂട്ടി കണക്കിലെടുത്ത് നാലുവരിയായി തന്നെ വികസിപ്പിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

മേഖലയിലെ ജനസംഖ്യാ വർധനയും വാഹനഗതാഗതത്തിലെ വേഗത്തിലുള്ള വർധനയും അവഗണിച്ചാണ് നിലവിലെ തീരുമാനം. ഇതിനകം തന്നെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പാത 10 മീറ്ററിലേക്ക് ചുരുക്കിയാൽ വരും വർഷങ്ങളിൽ വലിയ ഗതാഗതപ്രശ്നങ്ങളും അപകടങ്ങളും അനിവാര്യമാകുമെന്ന് മുന്നറിയിപ്പും നൽകി.

എൻഎച്ച് 744 വികസനത്തിന്റെ ഭാഗമായി കൊട്ടാരക്കര, കുന്നിക്കോട് തുടങ്ങിയ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ ബൈപ്പാസ് നിർമാണം അനിവാര്യമാണെന്നും നഗരകേന്ദ്രങ്ങളിലൂടെ ഭാരവാഹനങ്ങൾ കടന്നുപോകുന്ന സാഹചര്യം ജനജീവിതത്തിനും വ്യാപാര പ്രവർത്തനങ്ങൾക്കും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാലുവരി വികസനാവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്നും സംസ്ഥാന സർക്കാരിന്റെ വികസനവിരുദ്ധ നിലപാടിനെതിരെ ശക്തമായ രാഷ്ട്രീയവും ജനകീയവുമായ ഇടപെടലുകൾ തുടരുമെന്നും, വിഷയം വരാനിരിക്കുന്ന പാർലമെന്റ് ബജറ്റ് സമ്മേളനത്തിൽ ലോക്സഭയിൽ വീണ്ടും ഉന്നയിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി.

Leave a Reply