ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കാളകെട്ട് ഉത്സവം സുരക്ഷിതമായി നടത്തുന്നതുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഡെപ്യൂട്ടി കലക്ടർ ആർ. രാകേഷ് കുമാറിന്റെ അധ്യക്ഷതയിൽ ഓച്ചിറ ക്ഷേത്ര മിനി ഓഡിറ്റോറിയത്തിൽ ചേർന്നു. ഉത്സവ ദിവസത്തെ സുരക്ഷാ ക്രമീകരണങ്ങൾ, ഗതാഗത നിയന്ത്രണം, പൊതുജനങ്ങൾക്ക് പരമാവധി ബുദ്ധിമുട്ടുണ്ടാകാത്ത വിധം ഉത്സവം നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ, ശുചിത്വം ഉറപ്പാക്കുന്നതിനുള്ള നടപടികൾ എന്നിവ യോഗം വിലയിരുത്തി.
കെട്ടുരുപ്പടിയോടൊപ്പമുള്ള ഡി.ജെ പാർട്ടി, പ്രോപ് എന്നിവ നിരോധിച്ചു. ഓരോ വലിയ നന്ദികേശ രൂപങ്ങളോടൊപ്പം അഗ്നിശമനോപാധികൾ, സി.സി.ടി.വി എന്നിവ ഉണ്ടായിരിക്കും. പൊലീസ് സേനാംഗങ്ങളുടെ സാന്നിധ്യവും ഉറപ്പുവരുത്തും. നന്ദികേശ രൂപങ്ങളുടെ ഉയരം കണക്കാക്കി എൻ ഓ സി ജില്ലാ ഫയർ ഓഫീസിൽ നിന്നും കൈപ്പറ്റണം. അടിയന്തരഘട്ടങ്ങളിൽ ഫയർ ആൻഡ് റെസ്ക്യൂ വാഹനങ്ങൾ, ആംബുലൻസുകൾ എന്നിവയ്ക്ക് സുഗമമായി സഞ്ചരിക്കുന്നതിനു പ്രത്യേക പാത സജ്ജീകരിച്ചിട്ടുണ്ട്. കാളകെട്ട് ഉത്സവദിനമായ ഒക്ടോബർ മൂന്നിന് ക്ഷേത്ര പരിസരത്തിന് മൂന്ന് കിലോമീറ്റർ പരിധിയിൽ മദ്യനിരോധനം ഏർപ്പെടുത്തി. മഹോത്സവത്തിനോടനുബന്ധിച്ച് അഴിച്ചുമാറ്റുന്ന വൈദ്യുത ലൈനുകൾ സമയബന്ധിതമായി കെ.എസ്.ഇ.ബി പുനസ്ഥാപിക്കും. ക്ഷേത്ര പരിസരത്ത് ആരോഗ്യവകുപ്പ് ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ ടീം സജ്ജീകരിക്കും. ഹരിതചട്ടം പാലിക്കുന്നത് ഉറപ്പാക്കാൻ ഓച്ചിറ പഞ്ചായത്തിനെയും ചുമതലപ്പെടുത്തി.