ജീവിതസായാഹ്നം ഉല്ലാസപ്രദമാക്കാന്‍ അവസരമൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. നാടുനീളെയുള്ള പകല്‍വീടുകളില്‍ രണ്ടാംബാല്യത്തിന്റെ ആനന്ദനിമിഷങ്ങളാണ് നിത്യവും പുലരുന്നത്. വിരസമല്ല വാര്‍ധക്യമെന്ന് തിരിച്ചറിയുകയാണ് പത്തനാപുരം ബ്ലോക് പഞ്ചായത്തിന്റെ പകല്‍വീട്ടിലെ കുടുംബക്കൂട്ടായ്മകള്‍.
പഞ്ചായത്ത് കെട്ടിടത്തിനോടുചേര്‍ന്ന ഇരുനിലകെട്ടിടത്തിന്റെ മുകള്‍നിലയിലാണ് പകല്‍വീട്. 60 വയസ്സിനു മുകളില്‍ പ്രായംചെന്ന ഒമ്പത് പുരുഷ•ാരും 13 സ്ത്രീകളുമടങ്ങുന്ന 22 പേരുണ്ടിവിടെ. വയോധികരെ ശുശ്രൂഷിക്കാനും സ്ഥാപനത്തിന്റെ മേല്‍നോട്ടത്തിനുമായി രണ്ട് കെയര്‍ടേക്കര്‍മാരുണ്ട്. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പ്രവര്‍ത്തന സമയം.
സാമ്പത്തികമായി പിന്നാക്കമായ സ്വന്തമായി ആഹാരംപാകംചെയ്ത് കഴിക്കാന്‍ ആരോഗ്യമില്ലാത്തവരുമാണ് പകല്‍വീടിനെ ആശ്രയിക്കുന്നത്. കസേരകളും കട്ടിലുകളും ആഹാരം കഴിക്കുന്നതിനായി മേശകളും മാനസിക ഉല്ലാസത്തിനായി ടെലിവിഷനുമെല്ലാം സജ്ജീകരിച്ചിട്ടുണ്ട്.
രാവിലെ പകല്‍ വീട്ടിലെത്തുന്ന വയോധികരുടെ താല്പര്യാര്‍ഥം പ്രാതലിന് കഞ്ഞിയും പയറും അച്ചാറുമാണ് നല്‍കുന്നത്. ആഴ്ചയില്‍ ഒരു ദിവസം ഇറച്ചിയും രണ്ടുദിവസം മീനും ഉള്‍പ്പെടുത്തി വിഭവസമൃദ്ധമാണ് ഉച്ചഭക്ഷണം. പത്തനാപുരം ബ്ലോക്കില്‍ ക്യാന്റീന്‍ നടത്തിവരുന്ന മീനു കുടുംബശ്രീ യൂണിറ്റില്‍ നിന്നാണ് രണ്ട് നേരത്തെ ഭക്ഷണവും വൈകിട്ടത്തെ ചായയും ലഘുപലഹാരവും എത്തിക്കുന്നത്.
