
ഇടുക്കി: ആനച്ചാലിൽ അടുത്തിടെ തുറന്ന ഗ്ലാസ് പാലത്തിന്റെ പ്രവർത്തനം അധികൃതർ തടഞ്ഞു. അനധികൃത നിർമാണം നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഡ്വഞ്ചർ ടൂറിസം കൗൺസിലിന്റെയോ ബന്ധപ്പെട്ട പഞ്ചായത്തിന്റെയോ അനുമതിയില്ലാതെയാണ് പാലം നിർമിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

നിർമാണ ഘട്ടത്തിൽ തന്നെ റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നുവെങ്കിലും അത് അവഗണിച്ചുകൊണ്ടാണ് നിർമാണ പ്രവർത്തനങ്ങൾ തുടർന്നതെന്നും റിപ്പോർട്ടിലുണ്ട്. കൂടാതെ, പള്ളിവാസൽ ഉൾപ്പെടുന്ന പ്രദേശമായതിനാൽ ഇവിടെ നിർമാണത്തിന് നിയമപരമായ അനുമതി ലഭ്യമല്ലെന്നതും ചൂണ്ടിക്കാട്ടുന്നു.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിർമാണം നടത്തിയതെന്ന് വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിൽ വ്യക്തമാണ്.
അതേസമയം, ഇടുക്കി ജില്ലയിൽ മറ്റൊരു ഗ്ലാസ് ബ്രിഡ്ജ് വാഗമണ്ണിൽ പ്രവർത്തിക്കുന്നുണ്ട്. ഇത് സ്വകാര്യ പങ്കാളിത്തത്തോടെ ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (DTPC) നിർമിച്ചതാണ്. ആ പാലവും ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കാൻറിലിവർ ഗ്ലാസ് ബ്രിഡ്ജുകളിലൊന്നായി അറിയപ്പെടുന്നു.