You are currently viewing പള്ളിവാസല്‍ ജലവൈദ്യുത വിപുലീകരണ പദ്ധതി ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

പള്ളിവാസല്‍ ജലവൈദ്യുത വിപുലീകരണ പദ്ധതി ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസല്‍ ജലവൈദ്യുത വിപുലീകരണ പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങി. ആദ്യ ഘട്ടത്തിലെ 37.5 മെഗാ വാട്ട് ഉത്പാദനത്തിന് പുറമെയാണ്  60 മെഗാ വാട്ട് ശേഷിയുള്ള പുതിയ ജല വൈദ്യുതി നിലയം പൂര്‍ത്തിയായിരിക്കുന്നത്.

വൈദ്യുതി നിലയത്തിലെ ഒന്നാം നമ്പര്‍ ജനറേറ്റര്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 5 നും രണ്ടാം നമ്പര്‍ ജനറേറ്റര്‍ ഡിസംബര്‍ 24 നും ഗ്രിഡുമായി ബന്ധിപ്പിച്ചു വാണിജ്യ ഉത്പാദനം ആരംഭിച്ചു. 159.898 മില്ല്യണ്‍ യൂണിറ്റാണ് ഇതുവരെയുള്ള ഉത്പാദനം. സ്ഥാപിത ശേഷിയില്‍ സംസ്ഥാനത്ത് ഏഴാം സ്ഥാനത്താണ് പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി.

വെള്ളത്തിന്റെ അധിക ലഭ്യതയും ജലവൈദ്യുത ഉത്പാദന സംവിധാനത്തിന്റെ കാലപ്പഴക്കവും കണക്കിലെടുത്താണ് പഴയ പവര്‍ ഹൗസിനോട് ചേര്‍ന്ന് പളളിവാസല്‍ വിപുലീകരണ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അധികമായി 153.90 മില്ല്യണ്‍ യൂണിറ്റാണ് പദ്ധതി പ്രകാരം ഉത്പാദിപ്പിക്കുന്നത്.

1940 ലാണ് പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി സ്ഥാപിതമായത്. സംസ്ഥാനത്തെ വര്‍ധിക്കുന്ന വൈദ്യുത ഉപഭോഗം മുന്നില്‍ കണ്ടും വികസന രംഗത്തെ  മാറ്റങ്ങള്‍ക്ക് അനുസൃതമായും ഗുണമേന്മയുള്ള ചെലവുകുറഞ്ഞ ജലവൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ് പള്ളിവാസല്‍ വിപുലീകരണ ജലവൈദ്യുത പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. 

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ പള്ളിവാസല്‍ വില്ലേജിലാണ് പള്ളിവാസല്‍ വിപുലീകരണ പദ്ധതി സ്ഥാപിച്ചിരിക്കുന്നത്. ലക്ഷ്മിയാര്‍, നല്ലതണ്ണിയാര്‍, മാട്ടുപെട്ടിയാര്‍, എന്നിവയുടെ സംഗമസ്ഥലമായ പഴയമൂന്നാറിലെ ആര്‍. എ. ഹെഡ് വര്‍ക്സ് ഡാമിൽ നിന്നുമാണ് പദ്ധതിക്ക് ആവശ്യമായ ജലം ലഭ്യമാകുന്നത്.

കുണ്ടള, മാട്ടുപ്പെട്ടി എന്നീ ഡാമുകളില്‍ ജലം സംഭരിച്ച് ആര്‍. എ. ഹെഡ് വര്‍ക്‌സില്‍ നിന്ന് ടണല്‍ വഴി തിരിച്ചുവിട്ട് പെന്‍സ്റ്റോക്ക് വഴി പള്ളിവാസലില്‍ സ്ഥാപിച്ചിട്ടുള്ള പവര്‍ ഹൗസില്‍ എത്തിച്ചിട്ടാണ് ഉത്പാദനം നടത്തുന്നത്. പിന്നീട് നടത്തിയ പഠനങ്ങളില്‍ കൂടുതലായുള്ള വെള്ളത്തിന്റെ ലഭ്യതയും പഴയ സിസ്റ്റത്തിന്റെ കാലപ്പഴക്കവും കണക്കുകൂട്ടി പഴയ പവര്‍ ഹൗസിനോട് ചേര്‍ന്ന് തന്നെ കൂടുതലായി 60 മെഗാവാട്ടിന്റെ പുതിയ പദ്ധതിയായി പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീം വിഭാവനം ചെയ്തു. 2004 ഡിസംബര്‍ 15 ന് ആരംഭിച്ച പദ്ധതി പകുതിയില്‍ മുടങ്ങുകയും പിന്നീട് 2018 ല്‍ പദ്ധതി പുനരാരംഭിച്ച് പൂര്‍ത്തികരിച്ചിരിക്കുകയാണ്.

പദ്ധതിക്കായി 5.3312 ഹെക്ടര്‍ സ്ഥലത്ത് 434.66 കോടി രൂപ മുതല്‍മുടക്കിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനമാണ് നടന്നിട്ടുള്ളത്.
ഈ പദ്ധതിയില്‍ ഏകദേശം 3447.81 മീറ്റര്‍ നീളവും 3.5 മീറ്റര്‍ വ്യാസവുമുള്ള ടണല്‍ ഇന്‍ടേയ്ക് പോര്‍ഷന്‍, 47 മീറ്റര്‍ താഴ്ചയുള്ള സര്‍ജ്ജ്, 22 മീറ്റര്‍ നീളവും 2.5മീറ്റര്‍ വ്യാസവുമുള്ള അപ്പര്‍ ഹൊറിസോണ്ടല്‍ പ്രഷര്‍, 13, 375.70 മീറ്റര്‍ നീളവും 2.5മീറ്റര്‍ വ്യാസവുമുള്ള ഇന്‍ക്ലയ്ന്‍ഡ് പ്രഷര്‍ ഷാഫ്റ്റ്, 698.67മീറ്റര്‍ നീളവും 2.5 മീറ്റര്‍ വ്യാസവുമുള്ള ഹൊറിസോണ്ടല്‍ പ്രഷര്‍ ഷാഫ്റ്റ്, 60 മീറ്റര്‍ നീളവും 2.5മീറ്റര്‍ വ്യാസവുമുള്ള ബറീഡ് പെന്‍സ്റ്റോക്ക്, വാല്‍വ് ഹൗസ്, 1233 മീറ്റര്‍ നീളവും 2 മീറ്റര്‍ വ്യാസവുമുള്ള പെന്‍സ്റ്റോക്ക് പുതിയ പവര്‍ ഹൗസിലേക്കും 723 മീറ്റര്‍ നീളവും 1.6മീറ്റര്‍ വ്യാസവുമുള്ള പെന്‍സ്റ്റോക്ക് പഴയ പവര്‍ ഹൗസിലേക്കും, പവര്‍ ഹൗസ്, സ്വിച്ച് യാര്‍ഡ്, ടെയില്‍ റെയ്‌സ്, ടെയില്‍ റെയ്‌സ് വിയര്‍ എന്നിവയാണ് ഉള്ളത്.

ദീര്‍ഘകാലത്തെ പഠന പരീക്ഷണ, നിരീക്ഷണങ്ങള്‍, സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങിയ ഘട്ടങ്ങള്‍ക്ക് ശേഷം രണ്ടാം ഘട്ടത്തില്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഉണ്ടായ പ്രളയവും കോവിഡും ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങളും പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിച്ചിരുന്നു. എന്നാല്‍ പ്രതികൂല സാഹചര്യങ്ങളെയെല്ലാം അതിജീവിച്ച് പദ്ധതി യാഥാര്‍ഥ്യമായിരിക്കുകയാണ്. വൈദ്യുതി മേഖലയുടെ ഉത്പാദന-പ്രസരണ-വിതരണ രംഗങ്ങളില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് പള്ളിവാസല്‍ വിപുലീകരണ പദ്ധതിയും നടപ്പാകുന്നത്.

Leave a Reply